
തിരുവനന്തപുരം: നവകേരള സദസിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് നടത്തിയ കമന്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാരെയാണ് മുഖ്യമന്ത്രി കൂടെ കൊണ്ട് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണോ ഇവര്‍ ജനങ്ങളുടെ മേല്‍ കുതിര കയറുന്നതെന്ന് വ്യക്തമാക്കണം. ഈ ജനാധിപത്യ രാജ്യത്ത് ഉദ്യോഗസ്ഥരുടെ കിരാതഭരണം നടപ്പിലാക്കാമെന്ന് സിപിഎം കരുതേണ്ട. കോണ്‍ഗ്രസ് അത് അനുവദിച്ചു തരില്ല. പിണറായിയുടെ ഗുണ്ടകള്‍ ആണോ ആഭ്യന്തരം ഭരിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥനായ എം.എസ് ഗോപി കൃഷ്ണനാണ് ഫേസ്ബുക്കില്‍ കമന്റിട്ടത്. ‘കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. കുമ്മിള്‍ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് എം.എസ് ഗോപി കൃഷ്ണന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം.എസ്. ഗോപികൃഷ്ണന്. നവകേരള സദസിനു പോയിട്ടുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ഇയാളെ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം, നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂണ്‍ ഉയര്‍ത്തി ഇന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂണ്‍ പറത്തിയത്. കാസര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതല്‍, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവകേരള സദസിനെതിരെ ഉയര്‍ത്തുന്നത്. ബസിന് നേരെ ഷൂ വരെ എറിഞ്ഞ് പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവെെഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു.
Last Updated Dec 17, 2023, 4:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]