![](https://newskerala.net/wp-content/uploads/2024/11/palakkad.1.3003719.jpg)
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം | ഫോട്ടോ: പി.എസ് മനോജ്: കേരളകൗമുദി
പാലക്കാട്: വാശിയേറിയ പരസ്യപ്രചാരണത്തിന് അവസാനം കുറിച്ച് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കൊട്ടിക്കലാശം. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ച മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിധിയെഴുതും. മൂന്ന് പ്രധാന മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രധാന നേതാക്കളും കൊട്ടിക്കലാശത്തിന് എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറി. വമ്പന്‍ റോഡ് ഷോയുടെ അകമ്പടിയില്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറുകയായിരുന്നു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലെ പ്രചാരണ കാലം വിവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും നിറഞ്ഞതായിരുന്നു. കെപിഎം റസിഡന്‍സിയിലെ പാതിരാ റെയ്ഡ് ആണ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വിവാദത്തിന് വഴിവച്ചത്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ പി സരിന് പാര്‍ട്ടി വിട്ടതും ഇടത് സ്ഥാനാര്‍ത്ഥിയായതും, സി കൃഷ്ണകുമാറുമായി ഇടഞ്ഞ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും പ്രചാരണകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും നടന് രമേശ് പിഷാരടിയും റോഡ് ഷോയ്ക്കും കൊട്ടിക്കലാശത്തിനുമെത്തി. നീല ട്രോളിബാഗുമായാണ് രാഹുലും പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിനെത്തിയത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരും കലാശക്കൊട്ടില്‍ പങ്കെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എം.പിയും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം, വി. വസീഫ് എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും എത്തിയിരുന്നു.