കോട്ടയം : ജലാശയങ്ങളിലെ കാണാക്കയങ്ങളും അടിയൊഴുക്കുകളും അറിയാതെപോകുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകൾ. കഴിഞ്ഞ നാലുവർഷത്തിനിടെ ആഴങ്ങൾ കവർന്നത് 238 പേരെയാണ്. ഭൂരിഭാഗവും യുവാക്കളും, വിദ്യാർത്ഥികളും. തോടും കുളവും അരുവിയും പാറമടകളും വരെ അപകടക്കെണികളായി. കഴിഞ്ഞ ആഴ്ച ആപകട പരമ്പരായിരുന്നു ജില്ലയിൽ. മീനച്ചിലാർ തുടർച്ചയായി മരണക്കയമൊരുക്കുകയാണ്. നീന്തൽ അറിയാതെ വെള്ളത്തിലിറങ്ങുന്നതാണ് മുങ്ങിമരണങ്ങളിലെ പ്രധാന വില്ലൻ. ചിലപ്പോൾ അതിസാഹസികതയും കാരണമാകാറുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന ക്വാറികൾക്ക് ചുറ്റും സുരക്ഷാവേലി സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാണ്. നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യത്തോട് അധികൃതർ മുഖംതിരിച്ച് നിൽക്കുകയാണ്. സ്കൂളുകളിൽ തന്നെ നീന്തൽ പരിശീലനം നൽകിയാൽ പകുതി അപകടങ്ങളൊഴിവാക്കാനാകും. റോപ്പ്, ലൈഫ് ബോയ് റിംഗുകൾ പോലുള്ളവ സ്ഥാപിക്കണം. നീന്തലറിയാതെയും, ലഹരി ഉപയോഗിച്ച ശേഷവും ജലാശയങ്ങളിൽ ഇറങ്ങരുത് തുടങ്ങിയ നിർദ്ദേശങ്ങളും പാഴായി.
നഷ്ടപരിഹാരം അകലെ
പ്രകൃതി ക്ഷോഭം ഒഴികെയുള്ള മുങ്ങിമരണം ദുരന്ത പട്ടികയിലില്ലാത്തതിനാൽ നഷ്ടപരിഹാരവും ലഭിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ മുങ്ങിമരിക്കുന്നവരുടെ ആശ്രിതർക്ക് സഹായമായി വലിയ തുക കിട്ടുന്നുണ്ട്. ഇവിടെ ജനപ്രതിനിധികളുടെ ശുപാർശയിൽ ചെറിയൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിക്കും. മുങ്ങി മരിക്കുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന രീതിയിൽ നിയമമുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം
വീടിനടുത്ത് ജല സ്രോതസ്സുകളുള്ളവർ ശ്രദ്ധിക്കണം
വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നത് വിലക്കണം
രക്ഷിക്കാൻ ഇറങ്ങുന്നവരും ജാഗ്രത പുലർത്തണം
നാലുവർഷം, 238 മരണം
2020 : 47
2021 : 41
2022 : 60
2023 : 40
2024 : 50
”ശ്രദ്ധക്കുറവാണ് പലപ്പോഴും അപകടത്തിലേയ്ക്ക് നയിക്കുന്നത്. നീന്തൽ അറിയാത്ത കുട്ടികളെ വെള്ളക്കെട്ടിനടുത്തേക്ക് ഒറ്റയ്ക്കു പറഞ്ഞുവിടരുതെന്ന അടിസ്ഥാനപാഠം മറക്കുന്നതാണ് പല അപകടങ്ങൾക്കും കാരണം.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]