
കാസര്‍കോട്: പിണറായി സർക്കാരിന്റെ നവകേരള ജനസദസിന്റെ ഉദ്ഘാടനം അല്പസമയത്തിനുള്ളില് കാസർകോട് തുടക്കമാകും. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ മൂന്നരയ്ക്കാണ് നവകേരള ജനസദസിന്റെ ഉദ്ഘാടനം. സദസിനെത്തിയ നാട്ടുകാരിൽ നിന്ന് പരാതികൾ ഉദ്യോഗസ്ഥർ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. കാസർകോട് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിലാണ് ഉദ്ഘാടന വേദിയിലേക്ക് എത്തുന്നത്. നവകേരള ബസ് ആഢംബര ബസല്ലെന്ന് മന്ത്രിമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികൾ കേൾക്കുകയാണ് സർക്കാർ. പ്രതിസന്ധികാലത്തെ ധൂര്‍ത്തടക്കമുള്ള ആക്ഷേപങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും യാത്ര. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്റെ സമാപനം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരളസദസ് ബഹിഷ്കരിക്കുകയാണ്.
ആഡംബര ബസിന്റെ പ്രത്യേകതകൾ…
ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്സ് ഷോറൂം വില. ഓൺ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചിലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി 2 വാതിലുകൾ. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്.
:
25 സീറ്റുകളാണ് ബസിലുണ്ടാവുക. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവരുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് 1 കോടി 5 ലക്ഷം രൂപയാണ് ബസ്സിനായി സർക്കാർ അനുവദിച്ചത്. പൂർണസൗകര്യമുള്ള യാത്രാ ബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. കർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.
Last Updated Nov 18, 2023, 4:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]