
ചർമ്മസംരക്ഷണം അത്ര എളുപ്പമുളള കാര്യമല്ല. പ്രായമാകുന്നതിൻ്റെ പ്രധാന ലക്ഷണമാണ് ചർമ്മത്തിൽ ചുളിവുകളും വരകളുമൊക്കെ വീഴുന്നത്. മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിന് വീട്ടിലെ ചില ചേരുവകൾ തന്നെ പരീക്ഷിക്കാവുന്നതാണ്.
കെമിക്കലുകൾക്ക് പകരം പാർശ്വഫലങ്ങളില്ലാതെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന പല മാർഗങ്ങളും ചർമ്മത്തിന് ഏറെ നല്ലതാണ്. ഇത്തരത്തിൽ ചർമ്മത്തിലെ പാടുകളും വരകളുമൊക്കെ മാറ്റാൻ കഴിയുന്ന ഒരു ഫേസ് പാക്കിനെ കുറിച്ചാണ് പറയുന്നത്…
മൂന്ന് ചേരുവകളാണ് ഈ പാക്ക് തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. കടലമാവ്, മഞ്ഞൾ, തെെര് എന്നിവയാണ് ഉപയോഗിക്കുന്നത്. മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തമായ കുർക്കുമിൻ മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. അകാല വാർദ്ധക്യത്തിൽ നിന്ന് ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും മുറിവുകൾ ഉണക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ മഞ്ഞൾ ചർമ്മസംരക്ഷണത്തിന് മികച്ചൊരു ചേരുവകയാണ്.
ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചർമ്മത്തിന് നല്ല നിറം നൽകാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി ചർമ്മം മനോഹരമാക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാനും ഇവ സഹായിക്കും.
സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ് തെെര്. തെെര് ഉപയോഗിച്ചാൽ മുഖത്തെ കുരുക്കൾ എളുപ്പം മാറ്റാനാകും. ഉയർന്ന അളവിൽ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചർമ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചർമ്മത്തെ മനോഹരമാക്കുന്നു.
രണ്ട് ടീസ്പൂൺ തെെര്, ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ കടലമാവ് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം മുഖവും കഴുത്തും തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
Last Updated Nov 18, 2023, 12:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]