
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ് നടത്തുന്നതിനായി തയ്യാറാക്കിയ ആഡംബര ബസിനെയും ധൂർത്തിനെയും വിമർശിച്ചും മോട്ടോർ വാഹന വകുപ്പ് വേട്ടയാടുന്ന റോബിൻ ബസിനെ അനുകൂലിച്ചും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരിടത്ത് നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ്വ ചട്ടങ്ങളും ലംഘിച്ച് ആഡംബര ബസ് വാങ്ങുന്ന മുഖ്യമന്ത്രി, മറുവശത്ത് ബാങ്ക്ലോണെടുത്ത് ബസ് വാങ്ങിയ അംഗപരിമിതനെ വേട്ടയാടുന്ന സർക്കാരുമാണുള്ളതെന്ന് രാഹുൽ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ‘രണ്ട് ബസ്സുകൾ ഓടിത്തുടങ്ങി. ഒന്ന്, ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക് ലോണുമൊക്കെയെടുത്ത് ഒരു ബസ്സ് വാങ്ങുന്നു. ആ ബസ്സിനു സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നല്കുന്നു, റോബിൻ ബസ്സ്. രണ്ട്, ഒരു ധൂർത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സർക്കാർ ഉദ്യോഗസ്ഥർ സല്യൂട്ട് നല്കുന്നു, റോബിറി ബസ്സ്. സാധാരണക്കാരുടെ ബസ്സും, കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം’- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. പുലർച്ചെ 5 മണിക്ക് വേട്ടക്കിറങ്ങി സാധാരണക്കാർ കയറുന്ന ബസ്സിന് 7500 രൂപ പിഴയിട്ട ഉദ്യോഗസ്ഥർ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ഈ പിഴയിൽ നിന്നുൾപ്പെടെ കിട്ടുന്ന പൈസ കൊണ്ട് രാജാവിനും പരിവാരത്തിനും സഞ്ചരിക്കുവാൻ വാങ്ങിയ ബസ്സിന് സ്വീകരണം കൊടുത്ത് അർമാദിക്കുന്നു’-വെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ച് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടരുന്ന റോബിന് ബസിനെ പുതുക്കാട് വച്ചും തടഞ്ഞ് പരിശോധന നടത്തി. പത്തനംതിട്ടയിൽ നിന്നും തൃശ്ശൂരെത്തുമ്പോഴേക്കും മൂന്ന് തവണയാണ് എംവിഡി ബസ് തടഞ്ഞ് പരിശോധന നടത്തിയത്. പുതുക്കാട് സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡിയുടെ നടപടിയെ കൂവി വിളിച്ചു. തുടര്‍ച്ചയായ പരിശോധന തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാരും പ്രതികരിച്ചു. അതേസമയം, സര്‍വീസ് തുടരാനാണ് തീരുമാനമെന്ന് ബസ് ഉടമയും ജീവനക്കാര്‍ പറഞ്ഞു.
Last Updated Nov 18, 2023, 2:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]