
മുംബൈ– ഒരു ‘വിദ്യാര്‍ത്ഥി’ ആയി ബോളിവുഡില്‍ എത്തി, വിജയത്തിന്റെ ‘ഹൈവേ’യിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച താരമാണ് ആലിയ ഭട്ട്. രണ്‍ബീറും ആലിയയും ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ്. താരദമ്പതികളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. ഇപ്പോഴിതാ മകള്‍ റാഹയുടെ മുഖം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ പ്രതികരിക്കുകയാണ് താരം.
കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് മകളെ കുറിച്ച് ആലിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മകളുടെ മുഖം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ താന്‍ തകര്‍ന്നു പോയെന്ന് ആലിയ ഭട്ട് പറയുന്നു. ആര് എന്തൊക്കെ പറഞ്ഞാലും പ്രസവം കഴിഞ്ഞാല്‍ സ്ത്രീകളുടെ ശരീരം മാറും. ഉറക്കം പോലും ഇല്ലാത്ത രാത്രികളായിരുന്നു അതെന്നും ആലിയ ഓര്‍ത്തെടുത്തു.
‘മകള്‍ റാഹയെ വളരെ തീവ്രമായി സംരക്ഷിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. എന്തുകൊണ്ടാണത്?’ എന്ന് കരണ്‍ ചോദിച്ചപ്പോഴായിരുന്നു ആലിയയുടെ മറുപടി. ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനിയുടെ കശ്മീരിലെ ഷെഡ്യൂളിനിടയിലായിരുന്നു എന്നു തോന്നുന്നു, റാഹയുടെ ഒരു ചിത്രം പുറത്തുവന്നു. എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു ഷെഡ്യൂളായിരുന്നു അത്. പ്രസവശേഷമുള്ള ആദ്യത്തെ ഷൂട്ട് ആയിരുന്നു അത്.
ആരെന്തു പറഞ്ഞാലും, പ്രസവശേഷം നിങ്ങളുടെ ശരീരം തിരിച്ചുവരാന്‍ വളരെ സമയമെടുക്കും. ഞാന്‍ ഭക്ഷണം കൊടുക്കുകയായിരുന്നു. ഷൂട്ടും മറ്റു കാര്യങ്ങളുമായി ഞാന്‍ ഓട്ടത്തിലായിരുന്നു. രണ്‍ബീറിനെ വിളിച്ച് ‘ഞാന്‍ പറയുന്നത് ശരിക്കും കേള്‍ക്കൂ… എനിക്ക് വളരെ ബുദ്ധിമുട്ടാണ്’ എന്നൊക്കെ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. അതുകേട്ട് രണ്‍ബീര്‍ തന്റെ ജോലി മാറ്റിവച്ചു.
‘വിഷമിക്കേണ്ട. ഞാന്‍ അവളെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നു. ഞാന്‍ എന്റെ ജോലി നീക്കി വച്ചു. അവള് എന്റെ കൂടെയുണ്ടാകും,’ എന്നു പറഞ്ഞു. അതെനിക്ക് ശരിക്കും ആശ്വാസകരമായിരുന്നു. രണ്‍ബീര്‍ റാഹയുടെ കാര്യങ്ങള്‍ ഏറ്റെടുത്തെങ്കിലും ചിത്രം പ്രചരിച്ച കുറ്റബോധം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ അവളുടെ മുഖത്തിന്റെ ഒരു വശം കാണുന്ന ചിത്രം ഞാന്‍ കണ്ടു. ഞാന്‍ ആകെ തകര്‍ന്നു.
പിന്നെ മനസ്സിലായി, ഞാന്‍ തകര്‍ന്നതല്ല, സത്യത്തില്‍ ആളുകള്‍ അവളുടെ മുഖം കാണണമെന്ന് ഞാനാഗ്രഹിച്ചിരുന്നില്ല എന്നതാണ് കാരണമെന്ന്. സത്യസന്ധമായി പറഞ്ഞാല്‍, ഞാനും രണ്‍ബീറും ആളുകളെ കാണുമ്പോള്‍ നിരന്തരം ഇതുപോലെയാണ്, ‘ദയവായി അവള്‍ക്ക് നിങ്ങളുടെ അനുഗ്രഹം നല്‍കുക. രാഹാ ദോ നമസ്തേ’. ഞങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു’ ആലിയ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
