
അഹമ്മദാബാദ്: ലോകകപ്പ് ടീമിലെത്തുമ്പോള്‍ മിക്കവരും ഏറ്റവും കൂടുതല്‍ സംശയത്തോടെ നോക്കിയ താരമായിരുന്നു ശ്രേയസ് അയ്യര്‍. ഇന്ത്യ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ മധ്യനിരയിലെ വിശ്വസ്ഥനാണിപ്പോള്‍ മറുനാടന്‍ മലയാളിതാരം. നാലാമന്, ഇന്ത്യന്‍ ടീമില്‍ ഇരിപ്പുറയ്ക്കാത്ത സ്ഥാനം. കനത്ത ആശങ്കള്‍ക്കും നീണ്ട പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യക്ക് കിട്ടിയ ഉത്തരമാണ് ശ്രേയസ് അയ്യര്‍. അരങ്ങേറ്റ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറി. മൂന്ന് അര്‍ധ സെഞ്ച്വറി.
ഇന്ത്യന്‍ മധ്യനിരയുടെ വിശ്വസ്തന്. വിരാട് കോലിക്കും സൗരവ് ഗാംഗുലിക്കുമൊപ്പം ലോകകപ്പ് സെമിയില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍താരം കൂടിയാണ് ശ്രേയസ്. ലോകകപ്പില്‍ 500 റണ്‍സിലെത്തുന്ന ആദ്യ മധ്യനിര ബാറ്ററും ശ്രേയസ് തന്നെ. 24 സിക്സറുമായി രോഹിത് ശര്‍മ്മയ്ക്ക് തൊട്ടുപിന്നില്‍. തിളക്കം ഏറെയാണ് ശ്രേയസ്സ് അയ്യരുടെ ഇന്നിംഗ്സുകള്‍ക്ക്. പരിക്കേറ്റ് ഐപിഎല്ലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പും നഷ്ടമായ ശ്രേയസിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നെറ്റിചുളിച്ചവരും വിമര്‍ശന ശരങ്ങള്‍ തൊടുത്തവരും നിരവധിയാണ്.
അവര്‍ക്കെല്ലാം ശ്രേയസിന്റെ മറുപടി ക്ലാസ് ബാറ്റിംഗിലൂടെ. നാലാമന്റെ ദൗത്യം ദുഷ്കരം. ഇത് തിരിച്ചറിയുന്നവര്‍ ചുരുക്കം. മുന്‍നിര പതറിയാല്‍ നെടുന്തൂണാവണം. നല്ലതുടക്കം കിട്ടിയാല്‍ അതിവേഗം റണ്‍സടിക്കണം. ലോകകപ്പില്‍ ഈരണ്ട് സാചപര്യത്തിലും ശ്രേയസ് തന്റെ മികവ് തെളിയിച്ച് വിമര്‍ശകര്‍ തെറ്റെന്നും ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിയെന്നും തെളിയിച്ചു.
കഴിഞ്ഞ ദിവസം പരിശീലകന് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും നന്ദി പറഞ്ഞ് ശ്രേയസ് രംഗത്തെത്തിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ സെമിഫൈനല്‍ മത്സരത്തിന് ശേഷമായിരുന്നു ശ്രേയസ് ഇരുവരേയും പ്രത്യേകം പരാമര്‍ശിച്ചത്. ലോകകപ്പിലെ തുടക്കത്തിലെ മത്സരങ്ങളില്‍ ശ്രേയസിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മത്സരം പുരോഗമിക്കുന്തോറും ശ്രേയസ് ട്രാക്കിലായി.
Last Updated Nov 17, 2023, 10:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]