
ഹരിപ്പാട്: കടയിൽ സാധനം വാങ്ങാൻ എത്തിയ 14 വയസ്സുള്ള ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 65കാരന് അറസ്റ്റിൽ. മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർകുട്ടി (65) എന്നയാളാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം മുട്ടം പെട്രോൾ പമ്പിന് സമീപമുള്ള ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. സാധനം വാങ്ങി വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വിശദമായ പരിശോധനയിലാണ് കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് വ്യക്തമായത്. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പ്രകൃതിവിരുദ്ധപീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു. കരീലകുളങ്ങര എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിൽ , എസ് ഐ ശ്രീകുമാർ,സി.പി. ഒ മാരായ അനിൽകുമാർ, മുഹമ്മദ് ഷാഫി,രതീഷ്, സജീവ് കുമാർ എന്നിവരടുങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തിൽ കോഴിക്കോട് താമരശേരിയില് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകനും ഹജ്ജ് ട്രെയിനറും മുസ്ലീം ലീഗ് വാർഡ് ഭാരവാഹിയും അധ്യാപക സംഘടനയുടെ മുൻ നേതാവുമായ അധ്യാപകന് ഇന്നലെ അറസ്റ്റിലായിരുന്നു. കിനാലൂർ തൈപ്പറമ്പിൽ താമസിക്കുന്ന കണ്ണാടിപ്പൊയിൽ കോട്ടക്കണ്ടത്തിൽ ഷാനവാസ് എന്ന 44കാരനാണ് അറസ്റ്റിലായത്. സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു ഇയാളുടെ അതിക്രമം. വിദ്യാർത്ഥിനി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെട്ട് ബസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
Last Updated Nov 17, 2023, 11:53 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]