തിരുവനന്തപുരം – യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുവെന്ന ആരോപണത്തിൽ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെങ്കിൽ അത് ഗൗരവതരമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി.
രണ്ട് രാഷ്ട്രീയ പാർട്ടികകളുടെ പരാതിക്കു പുറമെ ചില പത്രങ്ങളിലും വാർത്ത കണ്ടു. ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചുവെന്നാണ് പരാതിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് പത്രത്തിൽ വന്ന ചിത്രങ്ങളിൽ കാണുന്ന തിരിച്ചറിയൽ കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഐ.ഡി കാർഡുമായി സാമ്യമുള്ളതാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉടനടി അന്വേഷണം നടത്തി നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി പ്രവർത്തകർ തെരഞ്ഞടുപ്പ് കമ്മിഷന്റെ ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷൻ ഐ.ഡി കാർഡ് ഉണ്ടാക്കിയെന്നും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. വ്യാജ ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാനാകുമെന്നും ആപ്പ് തയ്യാറാക്കാനും മറ്റുമായി 22 കോടിയിലധികം രൂപ ചെലവഴിച്ചുവെന്നും ഈ ഫണ്ട് എവിടെനിന്ന് സമാഹരിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന ക്രിമിനൽ കുറ്റമാണെന്ന് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമടക്കം കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയെങ്കിലും ദിവസങ്ങളായിട്ടും നേതൃത്വം വിവരെ പോലീസിനെ അറിയിച്ചില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]