ദില്ലി: വിവാഹമോചന സമയത്ത് സാമ്പത്തിക ഭദ്രതയുള്ള പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ജീവനാംശം അനുവദിക്കുന്നത് ‘ഓട്ടോമാറ്റിക്’ ആയ പ്രക്രിയ അല്ലെന്നും പങ്കാളി “സാമ്പത്തികമായി സ്വയംപര്യാപ്തയാണെങ്കിൽ” അനുവദിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ ഗ്രൂപ്പ് ‘എ’ ഓഫീസറായ യുവതി ജീവനാംശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. അഭിഭാഷകനായ ഭർത്താവിൽ നിന്ന് സ്ഥിരമായ ജീവനാംശവും നഷ്ടപരിഹാരവുമാണ് വിവാഹ മോചന സമയത്ത് യുവതി ആവശ്യപ്പെട്ടത്. 2010-ൽ വിവാഹിതരായ ദമ്പതികൾ ഒരു വർഷം മാത്രമാണ് ഒരുമിച്ച് കഴിഞ്ഞത്.
2023 ഓഗസ്റ്റിലാണ് വിവാഹബന്ധം വേർപെടുത്തിയത്. ഭർത്താവിനോട് താൻ ക്രൂരത കാണിച്ചു എന്ന കുടുംബ കോടതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്തും ഇതിന്റെ അടിസ്ഥാനത്തിൽ ജീവനാംശം നിഷേധിച്ചതിനെതിരെയും ആണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
യുവതിക്ക് വിവാഹമോചനത്തോട് എതിർപ്പുള്ളതായി തോന്നുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, യുവതി സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വിലയിരുത്തി. വിവാഹബന്ധം വേർപെടുത്തുന്നതിനെ എതിർക്കുന്നു എന്ന് പറയുമ്പോൾ തന്നെ, നിശ്ചിത തുക ലഭിച്ചാൽ വിവാഹമോചനത്തിന് സമ്മതിക്കാം എന്നാണ് പറയുന്നത്.
അതായത് യുവതി സ്നേഹം, അനുരഞ്ജനം, വിവാഹബന്ധം നിലനിർത്തൽ എന്നതിനല്ല മറിച്ച് സാമ്പത്തിക പരിഗണനകൾക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 25 പ്രകാരം സ്ഥിരമായ ജീവനാംശവും സംരക്ഷണച്ചെലവും നൽകുന്ന കാര്യത്തിൽ കോടതികൾക്ക് വിവേചനാധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കക്ഷികളുടെ വരുമാനം, സ്വത്ത്, പെരുമാറ്റം, മറ്റ് പ്രസക്തമായ സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് ഇത് തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഈ നിയമം അടിസ്ഥാനപരമായി നീതിയുക്ത സ്വഭാവമുള്ളതാണ്.
വിവാഹബന്ധം വേർപെടുത്തിയ ശേഷം സ്വന്തമായി ഉപജീവനമാർഗ്ഗമില്ലാത്ത ഒരാൾ അഗതിയാകരുത് എന്ന് ഉറപ്പാക്കിക്കൊണ്ട് പങ്കാളികൾക്കിടയിൽ സാമ്പത്തിക നീതി ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണെന്ന് കോടതി ആവർത്തിച്ചു. നീതിയുക്തമായ പരിഗണനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജീവനാംശം അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു.
“സ്ഥിരമായ ജീവനാംശം സാമൂഹിക നീതി ഉദ്ദേശിച്ചുള്ളതാണ്, അല്ലാതെ സമ്പന്നരാകാനോ രണ്ട് വ്യക്തികളുടെ സാമ്പത്തിക നില തുല്യമാക്കാനോ ഉള്ളതല്ല. സാമ്പത്തിക സഹായം ലഭിക്കാൻ തെളിവ് ഹാജരാക്കണം.
ഈ കേസിൽ അപ്പീൽ നൽകിയ യുവതി സർക്കാർ ഉദ്യോഗസ്ഥയാണ്. അവർക്ക് സ്ഥിരവരുമാനമുണ്ട്.
ആശ്രിതർ ആരും ഇല്ല. സാമ്പത്തിക പ്രശ്നമുള്ളതായോ അല്ലെങ്കിൽ മറ്റ് നിർബന്ധിത സാഹചര്യങ്ങളുടെയോ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല”- സ്ഥിരമായ ജീവനാംശം നൽകാനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
“ജീവിക്കാൻ കഴിയാത്തവിധം സാമ്പത്തിക ബുദ്ധിമുട്ട്, ആശ്രിതത്വം, അല്ലെങ്കിൽ അസാധാരണമായ സാഹചര്യങ്ങൾ എന്നിവയുടെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. ഭർത്താവിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യമുള്ള സാമ്പത്തിക ബാധ്യത, രോഗാവസ്ഥ, അല്ലെങ്കിൽ കുടുംബപരമായ കടപ്പാടുകൾ എന്നിവയൊന്നും തെളിയിക്കുകയോ വാദിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ ഇരുവരുടെയും വരുമാനത്തിൽ ഗണ്യമായ വ്യത്യാസമുണ്ട് എന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നുമില്ല”- കോടതി വിശദീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

