ബെംഗളൂരു: കർണാടകയിലെ ചാമരാജനഗറിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വാട്ടർമാൻ ജീവനൊടുക്കി. 27 മാസമായി ശമ്പളം മുടങ്ങിയതിലും ഉദ്യോഗസ്ഥരിൽ നിന്നുള്ള മാനസിക പീഡനത്തിലും മനംനൊന്താണ് ആത്മഹത്യയെന്ന് ആരോപണമുണ്ട്.
ഹൊങ്ങനൂരു ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനായ ചിക്കൂസ നായകയാണ് മരിച്ചത്. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടപ്പോഴും അനാരോഗ്യം മൂലം രാജി സമർപ്പിച്ചപ്പോഴും അധികൃതർ അവഗണിച്ചതായി ഇദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
2016 മുതൽ വാട്ടർമാനായി ജോലി ചെയ്യുകയാണെന്നും 27 മാസത്തെ ശമ്പള കുടിശ്ശിക നൽകണമെന്ന് പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസറോടും (പിഡിഒ) ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടും പലതവണ അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ജില്ലാ പഞ്ചായത്ത് സിഇഒയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
പിഡിഒ രാമെ ഗൗഡയും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് മോഹൻ കുമാറും മാനസികമായി പീഡിപ്പിച്ചതായും കുറിപ്പിൽ ആരോപിക്കുന്നു. അവധി ചോദിക്കുമ്പോൾ പകരം ആളെ കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു.
രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് വരെ ഓഫീസിൽ നിർത്താൻ നിർബന്ധിച്ചു. പിഡിഒ രാമെ ഗൗഡയുടെയും മോഹൻ കുമാറിന്റെയും പീഡനം സഹിക്കവയ്യാതെയാണ് ജീവിതം അവസാനിപ്പിക്കുന്നത്.
ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ പിഡിഒ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഇവരുടെ ഭർത്താവ് എന്നിവർക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം പോലീസ് കേസെടുത്തു.
ആത്മഹത്യയെ തുടർന്ന് പിഡിഒ രാമെ ഗൗഡയെ ജില്ലാ പഞ്ചായത്ത് സിഇഒ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി.
ദിവസങ്ങൾക്ക് മുൻപ് കലബുറഗിയിൽ ശമ്പളം കിട്ടാതെ ഒരു ലൈബ്രേറിയൻ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടൽ മാറും മുൻപാണ് സർക്കാർ ജീവനക്കാരന് വീണ്ടും ജീവൻ നഷ്ടമായതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം.
പ്രതിമാസം 5000 രൂപ മാത്രം വേതനം ലഭിക്കുന്ന ഒരു സാധാരണക്കാരനെയാണ് രണ്ട് വർഷത്തിലേറെ ശമ്പളം നൽകാതെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും മരണത്തിലേക്ക് തള്ളിവിട്ടതെന്നും ബിജെപി ആരോപിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]