
തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ വേതനം 18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കി വര്‍ധിപ്പിച്ചെന്ന് മന്ത്രി എംബി രാജേഷ്. സമൂഹത്തില്‍ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. സംസ്ഥാനത്ത് പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്കാന് തീരുമാനിച്ചത്. കിടപ്പ് രോഗികള്‍ക്ക് മെച്ചപ്പെട്ട ശുശ്രൂഷയും പരിചരണവും ഉറപ്പാക്കാന്‍ നടപടി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
‘ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന് നല്കാവുന്ന വേതനമായാണ് പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനത്തിന് പ്രാബല്യമുണ്ട്. പാലിയേറ്റീവ് നഴ്സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എന്‍/എഎന്‍എം പാസായവര്‍ക്കാകും ഈ വേതനം ലഭിക്കുക. നഴ്സുമാരുടെ ഫീല്‍ഡ് സര്‍വീസ് 20 ദിവസമെങ്കിലും രോഗികള്‍ക്ക് ലഭ്യമാക്കും. പാലിയേറ്റീവ് നഴ്സുമാര്‍ക്ക് ഉത്സവബത്ത കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നവരുടേതിന് തുല്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.’ തദ്ദേശ സ്വയം ഭരണ വകുപ്പ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലാണ് കേരളാ പാലിയേറ്റീവ് നഴ്സസ് ഫെഡറേഷന് (സിഐടിയു) നല്കിയ നിവേദനം പരിഗണിച്ച് തീരുമാനമെടുത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വികലാംഗര്‍ എന്ന പദം നീക്കി; ഇനി ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന്
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന് ഇനി മുതല്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് എന്ന പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി ഡോ. ആര് ബിന്ദു. വികലാംഗര്‍ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നേരത്തേ തന്നെ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാരിനു കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അംഗീകാരം നിഷേധിച്ചു. പുനര്‍നാമകരണം വേഗമാക്കാന്‍ വീണ്ടും സാമൂഹ്യനീതി വകുപ്പ് ശക്തമായ നിര്‍ദ്ദേശം കോര്പ്പറേഷന് നല്കി. 2023 ആഗസ്റ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്രസര്‍ക്കാരിനു കീഴിലെ കമ്പനി മന്ത്രാലയത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് പുതിയ പേരിന് അംഗീകാരം.
സര്‍ക്കാര്‍, പൊതുവേദികളില്‍ ഔദ്യോഗികമായി പൂര്‍ണ്ണമായും പുനര്‍നാമകരണം നിലവില്‍ വരാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗവും ജനറല്‍ ബോഡി യോഗവും വിളിച്ചുചേര്‍ക്കണം. ഡയറക്ടര്‍ ബോര്‍ഡ് യോഗം ഒക്ടോബര്‍ 25ന് ചേരും. തുടര്‍ന്ന് ജനറല്‍ ബോഡി യോഗവും വിളിച്ചുചേര്‍ത്ത് അടിയന്തരമായി പേരുമാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
Last Updated Oct 18, 2023, 7:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]