ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം യാതൊരു അയവുമില്ലാതെ നീളുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇസ്രയേലി സൈനികരെ പലസ്തീന് യുവാക്കള്‍ കല്ലെറിഞ്ഞ് ഓടിക്കുന്നത്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. ഈ വീഡിയോ സത്യം തന്നെയോ എന്ന് പരിശോധിക്കാം.
പ്രചാരണം
‘ഹമാസിന്റെ പീക്കിരി പിള്ളേരുടെ കല്ലേറ് ഭയന്നു ഓടി പോകുന്ന പൂർണ്ണ സജ്ജരായ പട്ടാളമുണ്ടല്ലോ അവരാണ് ലോകത്തിലെ വൻ ശക്തി’ എന്ന കുറിപ്പോടെയാണ് വീഡിയോ അന്‍സാരി അന്‍സാരി പിഎ എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2023 ഒക്ടോബര്‍ 10നാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കല്ലെറിയുന്നവര്‍ക്ക് അടുത്തേക്ക് പാഞ്ഞടുക്കുന്ന സൈനികരിലൊരാള്‍ കാല്‍വഴുതി വീഴുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. സഖാവ് ജലീൽ ഭായ് എന്ന അക്കൗണ്ടുകളില്‍ നിന്നും ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ വീഡിയോ ആരിഫ് കണ്ണൂര്‍ എന്നയാള്‍ റീല്‍സായും എഫ്ബിയില്‍ പോസ്റ്റ് ചെയ്തത് കാണാം. വീഡിയോകള്‍ ഏറെ പ്രചരിക്കുന്നുണ്ട് എന്ന് മനസിലാക്കിയതിനാല്‍ ദൃശ്യത്തിന്റെ വസ്തുത എന്താണ് എന്ന് പരിശോധനയ്ക്ക് വിധേയമാക്കി.
എഫ്ബി പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്തുത
വീഡിയോയ്ക്ക് വ്യക്തത കുറവുണ്ടെങ്കിലും ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതിലൂടെയാണ് യഥാര്‍ഥ ചിത്രം ബോധ്യപ്പെട്ടത്. ഇതേ ദൃശ്യം ഉള്‍പ്പെടുന്ന 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി. ഓടിയടുക്കുന്ന സൈനികരിലൊരാള്‍ കാല്‍വഴുതി വീഴുന്നത് ഈ വീഡിയോയിലുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്ലോഡ് ചെയ്ത വീഡിയോയാണിത് എന്ന് ദൃശ്യത്തിന് വിവരണമായി നല്‍കിയിരിക്കുന്നത് കാണാനായി. അതിനാല്‍ ഈ വീഡിയോ എപ്പോഴത്തേതാണ് എന്നുറപ്പിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തി. വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ചുവടെ.
യൂട്യൂബില്‍ ഒഫീഷ്യല്‍-ഫ്രീ-പാലസ്തീന്-സിറിയേന് എന്ന അക്കൗണ്ടില്‍ നിന്ന് 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സമാന വീഡിയോ 2014 ജൂലൈ 20ന് അപ്ലോഡ് ചെയ്തിട്ടുള്ളതായി പരിശോധനയില്‍ മനസിലാക്കി. കല്ലെറിയുന്നവര്‍ക്ക് അടുത്തേക്ക് പാഞ്ഞടുക്കുന്ന സൈനികരിലൊരാള്‍ കാല്‍വഴുതി വീഴുന്നത് ഈ വീഡിയോയിലും കാണാം. വീഡിയോ 2014ല്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നുറപ്പായതോടെ ഇത് ഇപ്പോഴത്തെ ഇസ്രയേല്‍-ഹമാസ് പ്രശ്നങ്ങളുടേത് അല്ല, ഏറെ വര്‍ഷം പഴക്കമുള്ളതാണ് എന്ന് വ്യക്തമായി.
യൂട്യൂബില്‍ 2014ല്‍ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോ
നിഗമനം
ഹമാസിന്റെ പീക്കിരി പിള്ളേരുടെ കല്ലേറ് ഭയന്നു ഓടി പോകുന്ന പൂർണ്ണ സജ്ജരായ ഇസ്രയേല്‍ സേന എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ 2014ല്‍ മുതല്‍ ഇന്റര്‍നെറ്റില്‍ കാണാം. വീഡിയോ ഏറെപഴയതാണ് എന്നും നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്ഷത്തിന്റെതുമല്ല എന്ന് വസ്തുതാ പരിശോധന വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 18, 2023, 2:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]