
പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യ, വ്യാഴാഴ്ച ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ അനായാസ ജയം സ്വപ്നം കാണുന്നവരാണ് ആരാധകരില്‍ അധികവും. എന്നാല്‍ സമീപകാലത്തെ ഇന്ത്യ-ബംഗ്ലാദശ് പോരാട്ടങ്ങളുടെ ചരിത്രമെടുത്താല്‍ പലപ്പോഴും ഇന്ത്യ-പാകിസ്ഥാന് പോരാട്ടങ്ങളെക്കാള്‍ വീറും വാശിയും പ്രകടമാകാറുണ്ട്.ഏഷ്യാ കപ്പിലും നിദാഹാസ് ട്രോഫിയിലുമെല്ലാം വല്യേട്ടനെന്ന ബഹുമാനമൊന്നും ഇന്ത്യക്ക് നല്‍കാതെ മള്‍മുനയില്‍ നിര്‍ത്താന്‍ ബംഗ്ലാദേശിനായിട്ടുണ്ട്.
പലപ്പോഴും ബംഗ്ലാദേശ് താരങ്ങളുടെ ആവേശപ്രകടനങ്ങളും അതിരുവിട്ടിട്ടുണ്ടെങ്കിലും ബംഗ്ലാ താരങ്ങളുടെ പോരാട്ടവീര്യം ഇന്ത്യക്കെതിരെ ആകുമ്പോള്‍ ഉയരത്തിലെത്താറുണ്ട്. 2007ലെ ലോകകപ്പില്‍ ഇപ്പോഴത്തെ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് ആദ്യ റൗണ്ടില്‍ മടക്ക ടിക്കറ്റ് നല്‍കിയത് ബംഗ്ലാ കടുവകള്‍ക്കെതിരായ തോല്‍വിയായിരുന്നു.
അന്ന് മുതല്‍ കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ വരെ ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിക്കുകയോ വീഴ്ത്തുകയോ ചെയ്തിട്ടുണ്ട്. ഏഷ്യാ ക്പപില്‍ ഇന്ത്യ ജേതാക്കളായെങ്കിലും ഒരേയൊരു ടീമിനോടെ തോറ്റിരുന്നുള്ളു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോടായിരുന്നു ഇന്ത്യയുടെ തോല്‍വി. ഫൈനല്‍ ഉറപ്പിച്ചഷശേഷമായതിനാലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ നിരയില്‍ ഉണ്ടായിരുന്നില്ല എന്ന് പറയാമെങ്കിലും ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തെ വിലകുറച്ചു കാണാനാവില്ല.
രോഹിത് ശര്‍മയും വിരാട് കോലിയും വിശ്രമമെടുത്ത മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടിയിട്ടും ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് കൈയെത്തിപ്പിടിക്കാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനം ബംഗ്ലാദേശില്‍ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യയെ വീഴ്ത്താന്‍ ബംഗ്ലാദേശിനായിരുന്നു.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ആവേശജയം നേടിയ ബംഗ്ലാദേശ് രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിന് ജയിച്ചാണ് ഏകദിന പരമ്പര സ്വന്തമാക്കിയത്. മൂന്നാം മത്സരത്തില്‍ 227 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയെങ്കിലും ബംഗ്ലാദേശ് കടലാസിനെക്കാള്‍ കരുത്തരാണ്. ഇന്ത്യയില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പക്ഷെ ഇതുവരെ ബംഗ്ലാദേശിനായിട്ടില്ല. ആകെ കളിച്ച 40 മത്സരങ്ങളില്‍ 31ലും ഇന്ത്യ ജയിച്ചപ്പോള്‍ എട്ടെണ്ണം ബംഗ്ലാദേശ് ജയിച്ചു. ഇതില്‍ ആറെണ്ണം സ്വന്തം നാട്ടിലും രണ്ടെണ്ണം നിഷ്പക്ഷ വേദിയിലുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലും ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് ഇന്ത്യക്കെതിരെ കളിക്കാനാകുമോ എന്നതാണ് ബംഗ്ലാദേശിനെ ഇപ്പോള്‍ അലട്ടുന്ന കാര്യം. ആദ്യ മത്സരത്തില്‍ അഫ്ഗാനെ തകര്‍ത്തശേഷം ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും തോറ്റ ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ വിജയം അനിവാര്യമാണെന്നതിനാല്‍ വീറുറ്റ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
Last Updated Oct 17, 2023, 9:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]