
എറണാകുളം : വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി സംസ്ഥാനത്ത് വയോജന കമ്മീഷന് രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് നൈപുണ്യ നഗരം പദ്ധതി പഠിതാക്കളുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്താണ് നാം ജീവിക്കുന്നത്. ആധുനിക സാമൂഹ്യ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ. ആ നൂതന സാങ്കേതത്തെ കുറിച്ചുള്ള അറിവ് കാലത്തിന്റെ അനിവാര്യതയായി മാറി. ഈ സാഹചര്യത്തില്‍ വയോജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ അറിവ് നല്കി പരിശീലിപ്പിക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ നഗരം പദ്ധതി ഏറെ കാലിക പ്രസക്തിയുള്ളതാണ്. ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്കരിച്ച ജില്ലാ പഞ്ചായത്തിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ഈ പദ്ധതി വഴി ലഭിക്കുന്ന അറിവ് ജീവിതത്തെ പുതുക്കി പണിയാന്‍ ഉപകരിക്കും. ലഭിച്ച അറിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി മറ്റുള്ളവരിലേക്ക് എത്തിക്കണം. ഓരോരുത്തരും സമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ പ്രാപ്തരാകണമെന്നും മന്ത്രി പറഞ്ഞു.
മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല വയോജനങ്ങള്‍. അവരെ ചേര്‍ത്തുനിര്‍ത്തുന്ന നയമാണ് സര്‍ക്കാരിനുള്ളത്. ഏറെ അനുഭവസമ്പത്തും പ്രായോഗിക അറിവുമുള്ള അവരുടെ വിലപ്പെട്ട സംഭാവനകള്‍ സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിന് സഹായകരമാണ്. വയോജന ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. വയോജനങ്ങളില്‍ പൊതുവേ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഓര്‍മ്മ നഷ്ടപ്പെടല്‍. അതിനൊരു പരിഹാരം എന്ന നിലയില്‍ സംസ്ഥാനത്തുടനീളം മെമ്മറി ക്ലിനിക്കുകള്‍ സജ്ജമാക്കുകയാണ്. വയോമിത്രം, വയോജന പാര്‍ക്കുകള്‍ തുടങ്ങി മറ്റ് ഒട്ടനേകം പദ്ധതികളും യാഥാര്‍ത്ഥ്യമാക്കി വരുന്നു. ഈ പദ്ധതികളെ സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ സാമൂഹ്യ നിതിവകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.