
കോഴിക്കോട്: ദമ്പതിമാരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവറും ഉടമയും റിമാന്‍ഡില്‍. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് നിഗമനം. കോഴിക്കോട് വേങ്ങേരിയില്‍ ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം രാവിലെയുണ്ടായ അപകടത്തിലായിരുന്നു കക്കോടി സ്വദേശികളായ ഷൈജു ഭാര്യ ജീമ എന്നിവര്‍ മരിച്ചത്.
മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജംഗ്ഷന് സമീപം രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കുന്നമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്ര വാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു. ഷൈജുവിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ മുന്നിൽ സഞ്ചരിച്ചിരുന്ന ബസ് പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മറ്റൊരു ബൈക്ക് യാത്രികനും ബസിലെ യാത്രക്കാർക്കും നിസാര പരുക്കുകളുണ്ട്. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനാണ് ഷൈജു. വിദ്യാർത്ഥികളായ അശ്മിതയും അശ്വന്തുമാണ് മക്കള്‍.
അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് ഉടമ അരുണിനെതിരെ പ്രേരണ കുറ്റമാണ് ചുമത്തിയിട്ടുളളത്. കോടതിയില്‍ ഹാരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.അപകട സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. ജില്ലയില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തടയാനും നിയമലംഘനങ്ങൾ കണ്ടെത്താനുമുളള പരിശോധനയും ഊര്‍ജ്ജിതമാക്കിയതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. എട്ടിടങ്ങളിലായാണ് പരിശോധന.
Last Updated Oct 18, 2023, 4:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]