
ദില്ലി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനഃനിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വിധിപറയാൻ മാറ്റി. എല്ലാവരുടെയും വാദം കേൾക്കൽ പൂർത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയിരിക്കുന്നത്. 60 വയസ് കഴിഞ്ഞവരെ എങ്ങനെ വി സിയായി പുനഃനിയമിക്കാനാകുമെന്ന് വാദത്തിനിടെ സുപ്രീം കോടതി, സംസ്ഥാന സർക്കാരിനോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സർക്കാർ നിലപാട് ചോദ്യം ചെയ്തത്. പുനഃനിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, ഇളവ് അനുവദിക്കാനാവില്ലെന്ന് ഗവര്‍ണ്ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണ്ണി ജനറല്‍ ആർ വെങ്കിട്ട രമണിയും കോടതിയെ അറിയിച്ചു. കണ്ണൂർ സർവകലാശാല വി സിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയുള്ള സുപ്രീം കോടതിയുടെ ചോദ്യം ഒറ്റനോട്ടത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ്.
കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നൽകിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂർ വി സിയുടെ ആദ്യനിയമന തന്നെ യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുനഃനിയമനവും നിലനിൽക്കില്ലെന്നാണ് ഹർജിക്കാർ ഉന്നയിക്കുന്ന വിഷയം. എന്നാൽ യു ജി സി ചട്ടങ്ങള്‍ പാലിച്ചാണ് തനിക്ക് പുനഃനിയമനം നല്‍കിയതെന്നാണ് സത്യവാങ്മൂലത്തില്‍ ഡോ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.
യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചതെന്നാണ് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞത്. പുനഃനിയമനത്തിന് വീണ്ടും അതേ നടപടികൾ പാലിക്കേണ്ടതില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. പ്രായപരിധി പുനഃനിയമനത്തിന് ബാധകമല്ലെന്നും ഒരു തവണ വി സിയായതിനാൽ തനിക്ക് പുനഃനിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ഇപ്പോൾ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Oct 17, 2023, 6:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]