
പോത്താംകണ്ടം (കാസർകോട്) – കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പോത്താംകണ്ടം അരിയിട്ടപാറയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ അനുമതിക്ക് പിന്നാലെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ആക്കം കൂട്ടി സി.പി.ഐ നേതൃത്വം എതിർപ്പുകളുമായി പരസ്യമായി രംഗത്തുവന്നു.
അരിയിട്ടപാറയിൽ ഏറ്റെടുത്ത 25 ഏക്കർ ഭൂമിയിൽ സാനിറ്ററി ലാൻഡ് ഫിൽ സ്ഥാപിക്കുന്നതിന് ആണ് സർക്കാർ അനുമതി നൽകിയത്. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ടീമിന് പാട്ട വ്യവസ്ഥയിൽ ഭൂമി കൈമാറാൻ മന്ത്രിസഭ അനുമതിയും നൽകി.ചീമേനിയിലെ പരിസ്ഥിതിയും ആവാസ വ്യവസ്ഥയും തകർക്കുന്നതോടൊപ്പം നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിൽ വിഷം കലർത്തുന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിന്റേതെന്ന് സമരം നടത്തുന്ന ജനകീയ സമിതി കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സി. പി. ഐയുടെ പരസ്യ ഇടപെടൽ ഉണ്ടായത്. സംസ്ഥാന കൗൺസിലംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മണ്ഡലം സെക്രട്ടറി എം. ഗംഗാധരൻ, ജില്ലാ കൗൺസിലംഗം സി. വി വിജയരാജ്, ലോക്കൽ സെക്രട്ടറി കെ. രാജൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ സുഭാഷ്ചീമേനി, പി. വി ഗോപാലകൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്. പോത്തംകണ്ടത്തെ ഖര മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സി പി ഐ ആവശ്യപ്പെടുകയും ചെയ്തു. എന്റോസൾഫാൻ ദുരിതബാധിതർ താമസിക്കുന്ന കയ്യൂർ ചീമേനി പഞ്ചായത്തിനെ വീണ്ടും ഒരു ദുരിത ഭൂമിയാക്കുന്ന തീരുമാനം ജനങ്ങളിൽ വൻ പ്രതിഷേധവും ആശങ്കയും ഉളവാക്കിയിരിക്കുകയാണെന്നും സന്ദർശനത്തിന് ശേഷം പാർട്ടി ലേ ലോക്കൽ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
കയ്യൂർ ചീമേനി പോലുള്ള ഒരു സ്ഥലത്ത് ഇത്രയും വലിയൊരു പദ്ധതി നടപ്പിലാക്കുന്ന കാര്യം ഞങ്ങളാരും അറിഞ്ഞില്ലെന്ന് സി.പി. ഐ ജില്ലാ സെക്രട്ടറി സി.പി ബാബുവും സംസ്ഥാന കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിലും പറഞ്ഞു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന, ലക്ഷങ്ങളുടെ ചെലവിൽ നടപ്പിലാക്കുന്ന ബൃഹത് പദ്ധതി എന്ന നിലയിൽ സ്വാഭാവികമായും ഇടതുമുന്നണിയിലും ചർച്ച
ചെയ്യേണ്ടതാണ്. ജനങ്ങളുടെ വികാരം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും ഇത് സംബന്ധിച്ച പാർട്ടി നിലപാട് ചർച്ചകൾക്ക് ശേഷം പിന്നീട് വെളിപ്പെടുത്തുമെന്നും ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]