
ബെംഗളൂരു – ഏറെ ബുദ്ധിമുട്ടി അധികാരത്തിലെത്തിയ കര്‍ണാടകയില്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കം പാര്‍ട്ടിക്ക് തലവേദനയാകുന്നു. ഇരുപത് കോണ്‍ഗ്രസ് എം.എല്‍.എമാരെ മൈസൂരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയാണ് വിവാദമുണ്ടാക്കിയത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇടപെട്ട് അവസാന നിമിഷം യാത്ര റദ്ദാക്കി.
കിറ്റൂരിലെയും മധ്യ കര്‍ണാടക മേഖലയിലെയും 20 ഓളം എം.എല്‍.എമാര്‍ തിങ്കളാഴ്ച രാവിലെ ജാര്‍ക്കിഹോളിയുടെ വസതിയില്‍ എത്തിയിരുന്നു. അവരെ മൈസൂരുവിലേക്ക് കൊണ്ടുപോകാന്‍ ബസും സജ്ജമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ഉടന്‍ തന്നെ ജാര്‍ക്കിഹോളിയോട് സംസാരിക്കുകയും യാത്ര റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂട്ടമായി പോകുന്നത് തെറ്റായ സന്ദേശം നല്‍കുകയും സര്‍ക്കാരിനെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് കാരണം നല്‍കുകയും ചെയ്യുമെന്ന് സുര്‍ജേവാല ജാര്‍ക്കിഹോളിയോട് പറഞ്ഞു.
‘സമാന ചിന്താഗതിയുള്ള എം.എല്‍.എമാര്‍’ ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നുവെന്നും അവരെ മൈസൂരുവിലേക്ക് കൊണ്ടുപോകാന്‍ താന്‍ ആലോചിച്ചുവെന്നും ജാര്‍ക്കിഹോളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘മൈസൂരുവിലെ ഞങ്ങളുടെ ചില എം.എല്‍.എമാരും ഞങ്ങളെ ക്ഷണിച്ചു. അതില്‍ ഒരു രാഷ്ട്രീയ വശവും ഉണ്ടായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.
യാത്ര ശക്തിപ്രകടനമാണോ എന്ന ചോദ്യത്തിന് നിഷേധരൂപത്തിലായിരുന്നു ജാര്‍ക്കിഹോളിയുടെ മറുപടി. ‘എനിക്ക് ഒരു പ്രമുഖ വകുപ്പ് നല്‍കിയിട്ടുണ്ട്, പിന്നെ ഞാന്‍ എന്തിനാണ് അസന്തുഷ്ടനാകുന്നത്?’ അദ്ദേഹം ചോദിച്ചു. ഉടന്‍ തന്നെ മറ്റൊരു യാത്ര പ്ലാന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പാര്‍ട്ടി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെയും അനുമതി ഇതിനായി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെലഗാവി, ചിക്കോടി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ജാര്‍ക്കിഹോളി അതൃപ്തനായിരുന്നുവെന്നും യാത്രയിലൂടെ പാര്‍ട്ടി ഹൈക്കമാന്‍ഡിന് ഒരു സന്ദേശം നല്കാന് അദ്ദേഹം ആഗ്രഹിച്ചുവെന്നുമാണ് രാഷ്ട്രീയ ഉപശാലകളിലെ സംസാരം. ബെലഗാവി ലോക്സഭാ സീറ്റില്‍ മകനെയോ മകളെയോ മത്സരിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.