
പത്തനംതിട്ട: ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി. 17 ദിവസം മുൻപ് മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവാവിന്റെതാണ് മൃതശരീരം എന്ന് സംശയം ഉയർന്നിട്ടുണ്ട്. മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും ബന്ധുക്കൾ തിരിച്ചറിഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശിയായ സംഗീത് സജിയുടേതാണ് മൃതദേഹമെന്നാണ് സംശയം. ഒക്ടോബർ ഒന്നിന് സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ കയറിപ്പോയ സംഗീത് രാത്രി വൈകിയും തിരികെ വന്നിരുന്നില്ല. പ്രദീപും സംഗീതും വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ എടുത്തിരുന്നില്ല. ഇടത്തറയിൽ സാധനം വാങ്ങാൻ ഓട്ടോ നിർത്തിയിരുന്നെന്നും പിന്നീട് സംഗീതിനെ കണ്ടില്ലെന്നും പ്രദീപ് പൊലീസിന് മൊഴി നൽകി.
ഇടത്തറക്കടുത്ത് തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന പ്രദീപിന്റെ മൊഴി പ്രകാരം പൊലീസ് ഇവിടെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. പ്രദീപ് മകനെ അപായപ്പെടുത്തിയെന്നാണ് സംഗീതിന്റെ ബന്ധുക്കളുടെ സംശയം. പക്ഷെ സംഗീത് എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് ഉറപ്പിച്ചുപറയുകയാണ് പ്രദീപ്. വ്യക്തിപരമായ ചില പ്രശ്നങ്ങൾ സംഗീത് ഇടയ്ക്ക് പങ്കുവച്ചിരുന്നെന്നും പ്രദീപ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്ന് കണ്ടെത്തിയ മൃതദേഹം സംഗീതിന്റെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കൾ വസ്ത്രവും വാച്ചും തിരിച്ചറിഞ്ഞെങ്കിലും വിശദമായ പരിശോധനകൾ ആവശ്യമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Last Updated Oct 17, 2023, 3:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]