തൊടുപുഴ: എൻ.ജി.ഒ യൂണിയൻ കലാകായിക വിഭാഗമായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം നടത്തി. കലോത്സവം നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ്. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റം ടി.എം. ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാർ സ്വാഗതവും കൺവീനർ സജിമോൻ ടി. മാത്യു നന്ദിയും പറഞ്ഞു. അടിമാലി ഗവ. ഹൈസ്കൂളിൽ സജ്ജീകരിച്ച വിവിധ വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ജില്ലയിലെ ഒമ്പത് ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ചു മുന്നൂറിലധികം പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ 57 പോയിന്റ് നേടി പീരുമേട് ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 52 പോയിന്റ് നേടി തൊടുപുഴ വെസ്റ്റ് ഏരിയ രണ്ടാം സ്ഥാനവും 46 പോയിന്റ് നേടി അടിമാലി ഏരിയ മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർ നവംബർ 19ന് കൊല്ലത്ത് നടക്കുന്ന എട്ടാമത് സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി.