വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരോട് അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്നും അവസാനമായി എന്താണ് കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നുമൊക്കെ ചോദിക്കാറുണ്ട്. എന്നാൽ, അതിന് ഒരു കുറ്റവാളി നൽകിയ മറുപടി കേട്ട് ഒരിക്കൽ എല്ലാവരും അമ്പരന്നുപോയ സംഭവമുണ്ടായിട്ടുണ്ട്.
1968 -ൽ 28 -ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട അയാളുടെ പേര് വിക്ടർ ഹാരി ഫെഗർ എന്നായിരുന്നു. ഒരു ഡോക്ടറുടെ കൊലപാതകത്തെ തുടർന്നാണ് വിക്ടർ അറസ്റ്റ് ചെയ്യപ്പെടുന്നത്. വിചാരണയ്ക്ക് ശേഷം വിക്ടറിന് വധശിക്ഷ വിധിച്ചു. വിക്ടറിനോടും അന്ന് ചോദിച്ചിരുന്നു, അവസാനമായി എന്താണ് കഴിക്കാൻ തോന്നുന്നത് എന്ന്. അതിന് വിക്ടർ പറഞ്ഞ മറുപടി കേട്ട് എല്ലാവരും അമ്പരന്നു. അത് എന്തായിരുന്നു എന്നോ? ഒരു ഒലിവ്. അതും കുരു എടുത്തു മാറ്റാത്ത ഒരു ഒലിവ് ആണ് അവസാനത്തെ അത്താഴമായി അയാൾ ചോദിച്ചത്.
അന്ന് ഹെൻറി ഹാർഗ്രീവ്സ് എന്ന ഫോട്ടോഗ്രാഫർ വിക്ടറിന്റെ ഈ അവസാനത്തെ അത്താഴത്തിന്റെ ചിത്രം പകർത്തിയിരുന്നു. ‘അത് ലളിതമായിരുന്നു, മനോഹരമായിരുന്നു, അവസാനത്തേത് എന്ന പ്രതീതിയുണ്ടാക്കുന്നതായിരുന്നു. അത് അയാളുടെ ജീവിതത്തിന്റെ അവസാനം പോലെ, പൂർണ്ണവിരാമം പോലെ ഒന്നായിരുന്നു’ എന്നാണ് ഹെൻറി പറഞ്ഞത്.
എന്തുകൊണ്ടാണ് അയാൾ ഒലിവ് ആവശ്യപ്പെട്ടത് എന്നല്ലേ? താൻ മരിച്ചു കഴിഞ്ഞാൽ ആ മൃതദേഹത്തിൽ നിന്നും ഒരു ഒലിവ് മരം വളർന്നു വരുമെന്നും അത് സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുമെന്നും കരുതിയാണത്രെ വിക്ടർ ഒലിവ് ആവശ്യപ്പെട്ടത്. ‘അവസാനമായി പോകാനുള്ളത് ഞാനാണെന്ന് ഉറപ്പായും ഞാൻ കരുതുന്നു’ എന്നായിരുന്നത്രെ മരിക്കുന്നതിന് തൊട്ടുമുമ്പ് അയാൾ അവസാനമായി പറഞ്ഞത്.
മയക്കുമരുന്നിന് വേണ്ടി ഒരു രോഗിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വിക്ടർ ഒരു ഡോക്ടറെ വിളിച്ചു വരുത്തി. ഡോക്ടർ മയക്കുമരുന്ന് നൽകാൻ വിസമ്മതിച്ചതോടെ അയാളെ കൊലപ്പെടുത്തി എന്നതാണ് വിക്ടറിന്റെ പേരിലുണ്ടായിരുന്ന കുറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]