കൊല്ലം: തിരുവോണ നാളില്‍ ഒരു യുവതിയുടെ മരണത്തിന് ഇടയാക്കിയ കാറപകടത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ അജ്മലിന്റെ സുഹൃത്തിന്റെയായിരുന്നു. ഈ വാഹനത്തിന് അപകടം നടക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. സുഹൃത്തിന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഇന്‍ഷുറന്‍സ് തൊട്ടടുത്ത ദിവസമാണ് പുതുക്കിയതെന്ന് പൊലീസ് കണ്ടെത്തി. നിര്‍ണായകമായ മറ്റ് ചില വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിക്കടുത്ത് മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ കാര്‍ ഇടിച്ചിടുകയായിരുന്നു. ഇതിന് ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി നിര്‍ത്താതെപോയി. സംഭവത്തില്‍ കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍, ഇയാളുടെ സുഹൃത്തും ഡോക്ടറുമായ ശ്രീക്കുട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടസമയത്ത് അജ്മലും ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നു.
ശ്രീക്കുട്ടി ജോലി ചെയ്യുന്ന ആശുപത്രിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. ബന്ധം ശക്തമാ യതോടെ അജ്മല്‍ ആശുപത്രിയില്‍ പതിവ് സന്ദര്‍ശകനാകുകയും ചെയ്തു. ഡോക്ടറെ ജോലിസ്ഥലത്ത് പതിവായി സന്ദര്‍ശിക്കാന്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. ഇതിനിടെയാണ് ഇവര്‍ കരുനാഗപ്പള്ളിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഓണാഘോഷത്തിനായി ഒത്തുചേര്‍ന്നത്.
ഓണാഘോഷത്തിന് ശേഷം ഇരുവരും ഒരുമിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ വഴിനീളെ മദ്യപിച്ചിരുന്നു. കാറിനുള്ളില്‍ വച്ച് അജ്മല്‍ ഗ്ലാസില്‍ മദ്യം ഒഴിച്ച ശേഷം അത് ശ്രീക്കുട്ടിക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പൊലീസിന് ലഭിച്ചിട്ടുണ്ട്. മദ്യത്തിന് പുറമേ മറ്റ് ലഹരി വസ്തുക്കള്‍ ഇരുവരും ഉപയോഗിച്ചിരുന്നുവോയെന്നും പൊലീസ് പരിശോധിക്കുകയാണ്. ലഹരിയിലായിരുന്ന അജ്മലിനെ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ നിര്‍ബന്ധിച്ചതും ശ്രീക്കുട്ടിയായിരുന്നു. ഇക്കാര്യം ദൃക്സാക്ഷികള്‍ പൊലീസിനെ അറിയിച്ചിരുന്നു.
വിവാഹമോചിതയായ ശ്രീക്കുട്ടിയും അജ്മലും തമ്മില്‍ പരിചയപ്പെട്ടത് ആറ് മാസം മുമ്പാണ്. താന്‍ ഒരു നൃത്താദ്ധ്യാപകനാണെന്നാണ് ബന്ധം സ്ഥാപിക്കുന്നതിനായി അജ്മല്‍ ശ്രീക്കുട്ടിയോട് പറഞ്ഞത്. ഇരുവരും തമ്മില്‍ അധികം വൈകാതെ തന്നെ നല്ല സൗഹൃദത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് നൃത്തപഠനത്തിന് പോകുകയും ചെയ്തിരുന്നു. വിവാഹിതയായിരുന്ന ശ്രീക്കുട്ടി ഈ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അജ്മലിനെതിരെ മുമ്പ് എട്ട് കേസുകളുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. അതേസമയം, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്നും പുറത്താക്കി.അജ്മലും സുഹൃത്തായ ഡോക്ടര്‍ ശ്രീക്കുട്ടിയും സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരും മദ്യലഹരിയിലായിരുന്നു. കാര്‍ ഇടിച്ചതിന് ശേഷം വണ്ടി മുന്നോട്ടെടുക്കാന്‍ അജ്മലിനെ നിര്‍ബന്ധിച്ചത് ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികളും പറയുന്നു.
മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും സ്കൂട്ടറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അജ്മലിന്റെ കാര്‍ ഇവരെ ഇടിച്ചിട്ടത്. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9.45ഓടെ മരണപ്പെടുകയായിരുന്നു.
നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. അജ്മല്‍ കാറിടിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചിരുന്നെങ്കില്‍ നിസാര പരിക്കുകളേറ്റ കുഞ്ഞുമോള്‍ക്ക് ജീവന് തിരികെ ലഭിക്കുമായിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും നിയമോപദേശത്തിന്റേയും ഒപ്പം ദൃക്സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തില്‍ നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു.