ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമമാണ് ഇതെന്നും നടപ്പാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖർഗെയുടെ പ്രതികരണം.
തീരുമാനത്തെ എതിർത്ത് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസകും രംഗത്ത് വന്നു. മന്ത്രിസഭ അംഗീകരിച്ചാലും ഭരണഘടനാ ഭേദഗതിക്ക് വേണ്ട ഭൂരിപക്ഷം എൻഡിഎക്ക് ഇപ്പോഴില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും ജെഡിയുവുമല്ലാതെ കക്ഷികൾ ഇത് അംഗീകരിക്കുന്നില്ല. സംസ്ഥാനങ്ങളിലെ കാബിനറ്റ് സമ്പ്രദായം ഇല്ലാതാക്കുന്നതാണ് തീരുമാനം. ഒരു സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ഉപതെരഞ്ഞെടുപ്പ് നടത്താതെ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. സംസ്ഥാന മന്ത്രിസഭകളെ കേന്ദ്രത്തിൻ്റെ ദയാദാക്ഷീണ്യത്തിന് വിധേയരാക്കുന്നതിനുള്ള ഈ നീക്കം പ്രാദേശിക പാർട്ടികളെ അപ്രസക്തമാക്കുന്നതാണെന്നും തോമസ് ഐസക് വിമർശിച്ചു.
രാജ്യത്തെ 42 രാഷ്ട്രീയ കക്ഷികളാണ് വിഷയത്തിൽ രാം നാഥ് കോവിന്ദ് സമിതിയെ നിലപാട് അറിയിച്ചത്. ഇതിൽ 35 രാഷ്ട്രീയ കക്ഷികളും തീരുമാനത്തോട് യോജിക്കുന്നുവെന്നാണ് അറിയിച്ചത്. പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസ്, സിപിഐ, സിപിഎം, എഎപി, എൻസിപി തുടങ്ങിയ കക്ഷികളാണ് തീരുമാനത്തോട് വിയോജിച്ചത്. പ്രധാനമായും എൻഡിഎ ഘടക കക്ഷികളാണ് തീരുമാനത്തോട് യോജിക്കുന്ന നിലപാട് സ്വീകരിച്ചത്.
എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര സർക്കാരിന് രാം നാഥ് കോവിന്ദ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ 18 ഭരണഘടനാ ഭേദഗതികൾ ഇതിന് ആവശ്യമാണ്. എന്നാൽ ഇത്രയും ഭേദഗതി ഒന്നിച്ച് പാസാക്കാനുള്ള അംഗബലം ഇപ്പോൾ ബിജെപിക്കില്ല. അതുകൊണ്ട് കക്ഷികളുടെയെല്ലാം പിന്തുണ തേടിക്കൊണ്ടായിരിക്കും ഈ നിലയിലുള്ള തെരഞ്ഞെടുപ്പ് മാറ്റത്തിലേക്ക് കേന്ദ്രം നീങ്ങുക. രാജ്യസഭയിൽ കേന്ദ്രസർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതും തിരിച്ചടിയാണ്. അതിനാൽ തത്വത്തിൽ അംഗീകാരം കിട്ടിയെങ്കിലും വലിയ വെല്ലുവിളിയാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]