പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിയതിനെ തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായിട്ട് ഒരാഴ്ചയാകുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ ജീവനക്കാർ ചുമന്നാണ് താഴെയിറക്കുന്നത്. തടിയിൽ കോർത്ത് കെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിക്കുന്നത്. മൂന്നാം നിലയിലുള്ള ഓപ്പറേഷൻ തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും ഇങ്ങനെയാണ്. ദിവസങ്ങളായി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ദിവസങ്ങളായിട്ടുള്ള ഈ ദുരിത അവസ്ഥ ഉണ്ടായത്. സംഭവത്തില്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]