ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ലാപ്ടോപ്പുകൾ മോഷ്ടിച്ചതിന് ടെക്കി അറസ്റ്റിൽ. ഒന്നും രണ്ടും ലാപ്ടോപ്പൊന്നുമല്ല 57 ലാപ്ടോപ്പുകളാണത്രെ 29 -കാരനായ യുവാവ് മോഷ്ടിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ സിസ്റ്റം അഡ്മിൻ സ്റ്റാഫായി ജോലി ചെയ്യുകയാണ് ഇയാൾ. വൈറ്റ്ഫീൽഡ് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിലെ ഹൊസൂർ സ്വദേശിയായ മുരുഗേഷിൽ നിന്ന് 22 ലക്ഷം രൂപ വിലമതിക്കുന്ന 50 ലാപ്ടോപ്പുകളാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. ഐടിപിഎല്ലിലെ ടെലികോളർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ആഗസ്റ്റ് 30 -ന് മുരുഗേഷിനെതിരെ പരാതി നൽകിയത്. ഈ വർഷം ഫെബ്രുവരിയിലാണ് മുരുഗേഷ് ഇവിടെ ജോലിക്ക് കയറിയത്. എന്നാൽ, ആഗസ്റ്റ് 22 മുതൽ ഇയാൾ ജോലിക്ക് വന്നിരുന്നില്ല.
ഒന്നിലധികം തവണയായി 57 ലാപ്ടോപ്പുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. സെപ്തംബർ 2 -ന് ഹൊസൂരിൽ നിന്നാണ് മുരുഗേഷിനെ പൊലീസ് പിടികൂടിയത്. പിന്നീട്, ഹൊസൂരിലെ ഒരു ലാപ്ടോപ്പ് സെയിൽസ് ആൻഡ് സർവീസ് സ്റ്റോറിൽ നിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകൾ കണ്ടെടുത്തു.
ബിസിഎ ബിരുദധാരിയാണ് മുരുഗേഷ്. ചോദ്യം ചെയ്യലിൽ തൻ്റെ കൃഷിഭൂമിയിൽ താൻ തക്കാളി കൃഷി ചെയ്തിരുന്നു. എന്നാൽ ഇത് വൻ നഷ്ടത്തിലാവുകയാണ് ചെയ്തത്. അതേ തുടർന്ന് വലിയ കടമുണ്ടായി. ആ കടം വീട്ടുന്നതിന് വേണ്ടിയാണ് താൻ ലാപ്ടോപ്പുകൾ മോഷ്ടിച്ചത് എന്നാണ് മുരുഗേഷ് പറഞ്ഞത് എന്ന് പൊലീസ് പറയുന്നു.
ലാപ്ടോപ്പ് മോഷ്ടിച്ചത് മുരുഗേഷാണ് എന്ന് സിസിടിവി പരിശോധനയിലാണ് കമ്പനിക്ക് വ്യക്തമായത്. പിന്നീട് അവർ പൊലീസിനെ സമീപിക്കുകയായിരുന്നു. 22 ലക്ഷം രൂപ വിലമതിക്കുന്ന 50 ലാപ്ടോപ്പുകൾ കണ്ടെടുത്തതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി. ദയാനന്ദ് പറഞ്ഞു. ഓഗസ്റ്റിൽ മുരുഗേഷ് കമ്പനി വിട്ടു, കമ്പനി അതിൻ്റെ സ്റ്റോറുകൾ പരിശോധിച്ചപ്പോഴാണ് ലാപ്ടോപ്പുകൾ കാണാതായ വിവരം അറിഞ്ഞത് എന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]