സാങ്കേതിക പരിജ്ഞാനവും ഒപ്പം ക്രിമിനൽ മനസുമുണ്ടെങ്കിൽ ഈ ലോകം തന്നെ ഞൊടിയിടയ്ക്കുള്ളിൽ ഇല്ലാതാക്കാം. അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലെബനനിൽ കഴിഞ്ഞദിവസം ഉണ്ടായ പേജർ സ്ഫോടന പരമ്പരകൾ. ഒൻപതുപേരുടെ ജീവൻ നഷ്ടമായതിനൊപ്പം മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യയും പരിക്കും കുറവാണെങ്കിലും പേജർ സ്ഫോടന പരമ്പരയെന്ന പുതിയ ആക്രമണ രീതിയെ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇപ്പോൾ നടന്നത് ഒരു ടെസ്റ്റ് ഡോസാണെന്ന് കരുതുന്നവരുടെ എണ്ണവും ചെറുതല്ല. ഹിസ്ബുള്ളയെ ലക്ഷ്യം വച്ച് ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകളെല്ലാം വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് ഭരണകൂടവും അവരുടെ ചാര സംഘടനയുമാണ് പ്രതിക്കൂട്ടിലുള്ളതെങ്കിലും നാളെ ഇതേ ആക്രമണ രീതി ഭീകരർ സാധാരണ ജനങ്ങൾക്കെതിരെയും ഭരണാധികാരികൾക്കെതിരെയും പ്രയോഗിച്ചേക്കുമോ എന്ന ആശങ്ക കനക്കുകയാണ്.
പേജർ
മൊബൈൽ ഫോണിന്റെ വരവിന് തൊട്ടുമുമ്പ് അവതരിക്കുകയും പൊടുന്നനെ അകാല ചരമം പ്രാപിക്കുകയും ചെയ്ത ഒരു കമ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. ഇന്നത്തെ യുവ തലമുറയിലെ പലരും പേജർ കണ്ടിരിക്കാൻ വഴിയില്ല. മൊബൈൽ ഫാേണുകളുടെ ആദിമരൂപം എന്നാണ് പേജറുകളെ വിശേഷിപ്പിക്കുന്നത്. ചെറിയ സന്ദേശങ്ങൾ അയയ്ക്കാൻ മാത്രമാണ് കഴിഞ്ഞിരുന്നത്. സന്ദേശങ്ങൾ വരുമ്പോൾ അത് ഡിസ്പ്ലേയിൽ തെളിയുന്നതിനൊപ്പം ചെറിയ ബീപ് ശബ്ദവും കേൾക്കുമായിരുന്നു. അരയിൽ ബെൽറ്റിനൊപ്പമോ ഷർട്ടിന്റെ പോക്കറ്റിനുള്ളിലോ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഈ ഇത്തിരിക്കുഞ്ഞൻ ഒതുങ്ങുകയും ചെയ്തിരുന്നു.
മൊബൈൽ ഫോണുകളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ കുറഞ്ഞ ഫീച്ചറുകൾ മാത്രമാണ് ഉള്ളതെങ്കിലും വലിയ കവറേജ് ഏരിയ ലഭിക്കുന്നതിനാൽ എവിടെയും ഉപയോഗിക്കാൻ കഴിയുമായിരുന്നു. മൊബൈൽ ഫോൺ സിഗ്നലുകളെ പിന്തുടരാൻ കഴിയുമെങ്കിലും പേജറിനെ ട്രേസ് ചെയ്യാൻ ഏറെ പ്രയാസമാണ്. അതിനാലാണ് ഹിസ്ബുള്ള പോലുള്ള ഗ്രൂപ്പുകൾ ഇപ്പോഴും പേജറുകൾ ഉപയോഗിക്കുന്നത്.
മൊബൈലിന് അയിത്തം
ഹിസ്ബുള്ള ഉൾപ്പടെയുള്ള പല ഭീകര ഗ്രൂപ്പുകളും മൊബൈൽഫോൺ ഉപയോഗിക്കാറില്ല. സൈന്യത്തിനും ചാരന്മാർക്കും ട്രേസ് ചെയ്യാൻ എളുപ്പമായതിനാലാണിത്. ബോംബ് നിർമ്മാണത്തിൽ തങ്ങളുടെ തലതൊട്ടപ്പനായിരുന്ന ‘യഹ്യ അയ്യാഷിൻ’ മൊബൈൽ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുള്ള മൊബൈലിന് അയിത്തം കൽപ്പിച്ചത്. സാധാരണ അംഗങ്ങൾ ഉൾപ്പെടെ ആരും മൊബൈൽ ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശവും സംഘടന നൽകിയിട്ടുണ്ട്. അതിപ്പോഴും തുടരുന്നുണ്ട്.
സുരക്ഷിതമായിരുന്നു, പക്ഷേ..
പേജർ ആക്രമണങ്ങൾക്കുപിന്നിൽ ആരെന്നോ എങ്ങനെയാണ് ആക്രമണം നടത്തിയതെന്നോ ഇപ്പോഴും വ്യക്തമല്ല. എന്നാൽ പേജർ സ്ഫോടനം നടത്താൻ പല വഴികൾ ഉണ്ടെന്നാണ് വിഗ്ധർ പറയുന്നത്. സൈബർ ആക്രമണത്തിലൂടെ പേജറുകളുടെ ബാറ്ററികൾ അമിതമാക്കി ചൂടാക്കി പൊട്ടിത്തെറിപ്പിക്കാം എന്നതാണ് കൂടുതൽപ്പേരും ചൂണ്ടിക്കാണിക്കുന്നത്. നിർമ്മാണത്തിനിടെയുള്ള നുഴഞ്ഞുകയറ്റമാണ് മറ്റൊരു വഴി. അതായത് സ്ഫോടനം നടത്തിയവർ പേജർ നിർമ്മിക്കുന്ന കമ്പനികളുമായി ചില രഹസ്യ ധാരണകൾ ഉണ്ടാക്കുന്നു. പണം നൽകിയോ, ഭീഷണിപ്പെടുത്തിയോ ഒക്കെയാവാം ഇത്. ഇങ്ങനെയുണ്ടാക്കുന്ന ധാരണപ്രകാരം സ്ഫോടക വസ്തുക്കൾ പേജറുകൾക്കുള്ളിൽ ഒളിപ്പിക്കുന്നു. പെന്ററിത്രിറ്റോള് ടെട്രാനൈട്രേറ്റ് എന്നറിയപ്പെടുന്ന പൊട്ടിത്തെറിക്കാൻ കഴിവുള്ള വസ്തുക്കളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. വിദൂര നിയന്ത്രണ റേഡിയോ സിഗ്നലുകളുടെ സഹായത്തോടെ ഇവയെ പൊട്ടിത്തെറിപ്പിച്ചതായിരിക്കാം. ബാറ്ററികൾക്കുള്ളിലാണ് ഇത്തരം സ്ഫോടക വസ്തുക്കൾ ഒളിപ്പിക്കാൻ കൂടുതൽ സാദ്ധ്യതയും എളുപ്പവും. സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച ഒരു ബാറ്ററിയിലെ പകുതി സ്ഫോടനാത്മകവും മറുപകുതി യഥാർത്ഥ ബാറ്ററിയുമായിരിക്കും. നിർമ്മാതാക്കൾക്കല്ലാതെ മറ്റാർക്കും ഇത് കണ്ടുപിടിക്കാനും കഴിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നലെ നടന്ന ആക്രമണത്തിലും ഇതുപോലുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. തായ്വാനിൽ നിന്നുള്ള ഒരു കമ്പനിയുടെ പേജറാണ് ഹിസ്ബുള്ള ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. നിർമാണ ഘട്ടത്തിലോ കമ്പനിയിൽ നിന്ന് വാങ്ങിയ പേജറുകൾ ഹിസ്ബുള്ളയുടെ കൈകളിൽ എത്തുന്നതിന് മുമ്പോ അട്ടിമറി നടന്നിരിക്കാം എന്നാണ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
പുതിയ ആശങ്ക
വിതരണ ശൃംഖല ആക്രമണങ്ങൾ സൈബർ സുരക്ഷാ ലോകത്തെ പുതിയ ആശങ്കയാണ്. വളരെ എളുപ്പത്തിൽ ഏറ്റവും മാരകമായി ഉപയോഗിക്കാം എന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഭീകര ഗ്രൂപ്പുകൾക്ക് ഇത്തരത്തിൽ ആക്രമണം നടത്താൻ കഴിഞ്ഞാൽ ഫലം പ്രവചനാതീതമായിരിക്കും. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരങ്ങൾ ഭീകരർ ആക്രമണത്തിനുള്ള ഉപാധികളാക്കിയേക്കാം എന്നും വിദഗ്ധർ ആശങ്കപ്പെടുന്നുണ്ട്.