ദുബായ്: ജീവിതം പച്ചപിടിക്കാൻ തൊഴിൽ തേടി ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നവരാണ് പ്രവാസികൾ. സ്വന്തമായി വീട്, കാറ്, ഭൂമി ഇതൊക്കയാണ് മിക്ക പ്രവാസികളുടെയും സ്വപ്നങ്ങൾ. കുടുംബത്തോടൊപ്പം വിദേശത്ത് താമസമാക്കുന്നവരുമുണ്ട്. ഇപ്പോഴിതാ വാഹന പ്രേമികളായ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ദുബായ് ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ട് അപ്പ് കമ്പനി എത്തിയിരിക്കുകയാണ്. ഇലക്ട്രിക് കാറുകൾ പകുതി വിലയ്ക്ക് വിൽക്കുകയാണ് യുഎഇയിൽ.
70,000 ദിർഹത്തിന് വരെ ഇലക്ട്രിക് കാറുകൾ വാങ്ങാമെന്നാണ് കമ്പനിയുടെ ഓഫർ. പുതിയ ഇലക്ട്രിക് കാറുകളെക്കാൾ 50 ശതമാനം വിലക്കുറവിൽ പുനർനിർമിച്ച കാറുകൾ വിൽക്കുകയാണ് കമ്പനി ചെയ്യുന്നത്. 2025ലായിരിക്കും വാഹനം ഡെലിവറി ചെയ്യുകയെന്നും കമ്പനി അറിയിക്കുന്നു. പീക്ക് മൊബിലിറ്റി (പിഇഇസി) എന്ന കമ്പനിയാണ് ഓഫർ മുന്നോട്ടുവയ്ക്കുന്നത്.
പെട്രോൾ കാറുകളെ ഇലക്ട്രിക് വാഹനങ്ങളാക്കി പുനർനിർമിക്കുകയാണ് ചെയ്യുന്നത്. കമ്പനി കുറച്ച് കാലമായി കാറുകൾ പുനർനിർമിക്കാനുള്ള പ്രവർത്തനത്തിലാണെന്ന് പീക്ക് മൊബിലിറ്റി സ്ഥാപകനായ സാക്ക് ഫൈസൽ പറഞ്ഞു. ഓർഡറുകൾ അടുത്ത വർഷം രണ്ടാം പാദത്തോടെ ഡെലിവറി ചെയ്യാനാണ് ശ്രമിക്കുന്നത്. ഇത് വാഹനരംഗത്ത് ഭാവിയിലെ വലിയൊരു ചുവടുവയ്പ്പാണെന്നും സാക്ക് വ്യക്തമാക്കി.
പെട്രോൾ വാഹനങ്ങളെ തദ്ദേശീയമായി ഇലക്ട്രിക് ആക്കി മാറ്റുന്ന പദ്ധതി കഴിഞ്ഞവർഷം ഡിസംബറിൽ ദുബായിൽ നടന്ന സിഒപി28ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇത്തരത്തിൽ നിർമിക്കുന്ന കാറുകളെ റീകാർ എന്നാണ് വിളിക്കുന്നത്. പെട്രോൾ വാഹനങ്ങളുടെ ബോഡിയും ചേസിസും നിലനിർത്തുന്നതിനാൽ നിർമാണച്ചെലവ് 30 ശതമാനവും നിർമാണ സമയം 80 ശതമാനവും കുറയുന്നു. ഫുൾ ചാർജിൽ ഇവി കാറുകൾ 300 കിലോമീറ്റർവരെ ഓടുമെന്ന് പീക്ക് മൊബിലിറ്റി പറയുന്നു. ഇത്തരം കാറുകൾ കാർബൺ പോലുള്ള വിഷവാതകങ്ങൾ പുറന്തള്ളുന്നത് തടയുന്നു. പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിന്നാണ് കാറിന്റെ ഉൾവശം നിർമിക്കുന്നത്. കൂടാതെ കാറിൽ ഹ്യൂമൻ മെഷീൻ ഇന്റർഫേസ് സോഫ്ട്വെയർ ആപ്ളിക്കേഷനും ഘടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2024 ഏപ്രിലിൽവരെ ദുബായിലെ ഇവികളുടെ എണ്ണം 30000 യൂണിറ്റിലധികമാണ്. 2023ന്റെ അവസാനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 15100 ഇവികളിൽ നിന്ന് ഏകദേശം ഇരട്ടി വർദ്ധനവാണിത്. 2050 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി ഉയർത്തുകയാണ് യുഎഇയുടെ ലക്ഷ്യം.