
ബീജിംഗ്: കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ ഡെലിവറി ഏജന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. യുവാൻ എന്നയാളെയാണ് തന്റെ ഇലക്ട്രിക് ബൈക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാങ്ഷൗവിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. ഉപജീവനത്തിനായി 55കാരനായ യുവാൻ ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ദിവസവും വെറും 3 മണിക്കൂർ മാത്രമേ യുവാൻ ഉറങ്ങിയിരുന്നുള്ളൂ എന്നാണ് സഹപ്രവർത്തകർ പറയുന്നത്.
തുടർച്ചയായ ജോലിയെ തുടന്ന് ക്ഷീണിതനായ യുവാൻ തന്റെ ബൈക്കിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ലെന്ന് യുഹാങ് ജില്ലയിലെ സിയാൻലിൻ ഉപജില്ലാ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമും ഇൻഷുറൻസ് കമ്പനിയും യുവാന്റെ കുടുംബവും തമ്മിൽ ഒരു കരാറിലെത്തിയെന്നും തുടർനടപടികൾ കൃത്യമായ രീതിയിൽ പുരോഗമിക്കുകയാണെന്നും പ്രസ്താവനയിലുണ്ട്.
യുവാൻ മിക്കപ്പോഴും പുലർച്ചെ 3 മണി വരെ ജോലി ചെയ്തിരുന്നു എന്ന് സഹപ്രവർത്തകനായ യാങ് പറഞ്ഞു. തുടർന്ന് 6 മണിക്ക് എഴുന്നേറ്റ് വീണ്ടും ജോലി തുടരും. ക്ഷീണം തോന്നുമ്പോൾ അൽപ്പ നേരം ബൈക്കിലിരുന്ന് ഉറങ്ങുന്നതാണ് യുവാന്റെ രീതിയെന്നും ഓർഡർ ലഭിച്ചാൽ ഉടൻ ജോലി തുടരുന്ന ശീലം യുവാനുണ്ടായിരുന്നുവെന്നും യാങ് കൂട്ടിച്ചേർത്തു. ഓർഡർ ഡെലിവറി ചെയ്യാൻ പുറത്തുപോയപ്പോൾ അപകടത്തിൽ യുവാന്റെ കാലിന് ഒടിവുണ്ടായെന്നും 10 ദിവസത്തെ വിശ്രമത്തിന് ശേഷം അടുത്തിടെയാണ് ജോലിയിൽ തിരികെ പ്രവേശിച്ചതെന്നും മറ്റൊരു സഹപ്രവർത്തകൻ പറഞ്ഞു. 16 വയസ്സുള്ള മകന്റെ പഠനത്തിന് യുവാൻ എല്ലാ സഹായങ്ങളും പിന്തുണയും നൽകിയിരുന്നതായാണ് റിപ്പോർട്ട്. മറ്റൊരു മകൻ വിവാഹിതനായി കുടുംബത്തോടൊപ്പം ചൈനയിലെ മറ്റൊരു മേഖലയിൽ താമസിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]