കൊച്ചി: അടുത്ത ദിവസങ്ങളിൽ വൈറലായൊരു ബസ് സ്റ്റോപ്പുണ്ട് കൊച്ചി മലയാറ്റൂരിൽ. തന്റേതല്ലാത്ത കാരണത്താൽ വൈറലായൊരു ബസ് സ്റ്റോപ്പ് എന്ന് വിശേഷിപ്പിക്കാം വേണമെങ്കിൽ അതിനെ… കാരണം മറ്റൊന്നുമല്ല, മറ്റെല്ലാവരും തലതിരിഞ്ഞപ്പോൾ ഇത് മാത്രം നേരെ ആയതാണ് കുഴപ്പം.. ചുരുക്കി പറഞ്ഞാൽ പത്തും പതിനഞ്ചും ലക്ഷം വരെ നിർമിച്ച നിരവധി ബസ് സ്റ്റോപ്പുകൾ കണ്ട കേരളീയർക്ക് മുന്നിൽ വെറും ഒന്നേകാൽ ലക്ഷം മുടക്കി നിർമിച്ച ബസ് സ്റ്റോപ്പ് കൌതുകമാകുന്നതിൽ വലിയ കാര്യമില്ലല്ലോ…
വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള സംരംഭത്തിന് ചെലവായത് കൃത്യമായി പറഞ്ഞാൽ 1,22,700 രൂപയാണ്. എംപി, എംഎൽഎ ഫണ്ട് ഉപയോഗിക്കാതെ പണികഴിപ്പിച്ച ബസ് സ്റ്റോപ്പിന്റെ ചെലവാണ് നാട്ടിലെ ചർച്ചാവിഷയവുമായി. ചെലവ് കുറവാണെന്ന് കരുതി സൌകര്യങ്ങൾ കുറവാണെന്ന് കരുതേണ്ട. ബസ് സ്റ്റോപ്പ് നിർമിച്ചതും അടുത്തുള്ള പഞ്ചായത്ത് കിണർ നവീകരിച്ചതും അടക്കം എല്ലാം പെർഫെക്ട് ഓക്കെയാണ്. ബസ് സ്റ്റോപ്പിൽ മൊബൈൽ ചാർജ് ചെയ്യാം. അടുത്തായി കുടിവെള്ളവും റെഡിയാണ്. നേരത്തെ പല ബസ് സ്റ്റോപ്പുകളിലും കണ്ട് ഇരിക്കാനും നിൽക്കാനും പറ്റാത്ത തരത്തിലുള്ളതല്ല ഇരിപ്പിടങ്ങൾ. ചുറ്റും വേലിയായി സ്ഥാപിച്ച സ്റ്റീലെല്ലാം ഏറ്റവും ഗുണമേന്മയുള്ളതാണ്. ഇതിനെല്ലാം ഒപ്പം കാലാവധി കഴിയാത്ത മരുന്ന് ശേഖരിക്കാനുള്ള ഒരു പെട്ടിയും. ഇത് അഗതി മന്ദിരങ്ങളിലേക്കുള്ളതാണ്.
ഹൈ ക്ലാസായി ബസ് സ്റ്റോപ്പ് സാധ്യമായതിന്റെ കാരണം സ്വതന്ത്രനായ വാർഡ് മെമ്പർ സേവ്യർ വടക്കുംഞ്ചേരി തന്നെ പറയും.. ‘ഉഡായിപ്പൊന്നും ഇല്ല അത് തന്നെ…’ ഒരാഴ്ചകൊണ്ട് ഒരു ലക്ഷം രൂപ സംഭാവന കിട്ടി. ഏറ്റവും ഹൈക്ലാസ് സാധനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീലായാലും പൈപ്പായാലും എല്ലാം. കരാർ ഏൽപ്പിച്ചില്ല. ഓരോ മേഖലയിൽ വൈദഗ്ധ്യമുള്ളവരെ ഞങ്ങൾ സെലക്ട് ചെയ്യുകയായിരുന്നു. എല്ലാം ജോലികളും ഞാൻ കൂടെ നിന്ന് ചെയ്യിപ്പിച്ചതാൽ അങ്ങനെ ഉഡായിപ്പൊന്നും ചെയ്തില്ല- സേവ്യർ പഞ്ഞു.
Read more: അപകടാവസ്ഥയിലായിട്ട് ഏറെ നാള്, ചൂളത്തെരുവ് ജംഗ്ഷനിലെ ഇരട്ട ആൽമരം ഒടുവില് മുറിച്ച് നീക്കി
അങ്ങനെ ജനകീയ കൂട്ടായ്മയുടെ പുത്തൻ മാതൃകയായി മാറിയ മലയാറ്റൂരിന് അഭിമാനിക്കാനേറെ. നാട്ടുകാരുടെ സംഭാവനയിലാണ് അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം തയ്യാറായിരിക്കുന്നത്. എല്ലാവരും കൃത്യമായി പൈസ തന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ എല്ലാം എല്ലാം ശരിയായ ഒരു ഒറ്റയാൻ ബസ് സ്റ്റോപ്പ്, ഇനി എംഎൽഎ ഫണ്ടും എംപി ഫണ്ടും ഒക്കെ വിനിയോഗിച്ച് നിർമിക്കുന്ന ബസ് സ്റ്റോപ്പുകൾക്കെല്ലാം വലിയ വെല്ലുവിളിയാകുമെന്ന് തീർച്ച.
Last Updated Sep 18, 2023, 11:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]