
കാമിനിപുരത്തിലൂടെ കേരളത്തിന്റെ ഭൂപടത്തിൽ കുര്യൻ കടവ് എന്നൊരു ഭൂമിക വരച്ചുചേർത്ത കഥാകാരനാണ് ബി.എൻ. റോയി.
അഗസ്ത്യാർകൂട മലനിരകളിൽ നിന്നും ഉത്ഭവിച്ച് വിവിധ പേരുകളിലൂടെ ഭൂമിയെ പിളർന്നുകൊണ്ട് കുതിച്ചൊഴുകുന്നത് സമുദ്രത്തിൽ പതിക്കാനാവും എന്ന മുൻധാരണ തിരുത്തപ്പെടുന്നത് കാമിനിപ്പുഴയൊഴുകി ഉള്ളിൽ പതിക്കുമ്പോൾ മാത്രമാണ്.
കാല-ദേശങ്ങളുടെ അടയാളപ്പെടുത്തലുകൾ കൂടിയാവണം നോവലുകൾ. കാരണം നോവൽ എന്ന ശിൽപ്പം ചമയ്ക്കപ്പെടുന്നത് വലുപ്പമേറിയ ക്യാൻവാസുകളിലാണ്.
ചിതലിയുടെ താഴ്വരയിൽ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളാൽ നെടുകെ പകുക്കപ്പെട്ട മലയാള നോവൽ ഭൂമികയുടെ ഇങ്ങേക്കരയിൽ കാമിനിപുരം എന്നൊരു ദേശം പുതിയതായി ഉരുത്തിരിയുകയോ, ഉയർന്നു വരികയോ ചെയ്യുന്നില്ല.
അതവിടെ നിലകൊണ്ടിരുന്നതാണ്. ജീവനുകളും ജീവിതങ്ങളും അവിടെയുണ്ടായിരുന്നു.
അവരെക്കുറിച്ച് നാമറിഞ്ഞില്ലെന്ന് മാത്രം, അത് അവരുടെ തെറ്റല്ല. കീരി, ചോരയൂറ്റിക്കുടിച്ച് കൊന്ന ദാനമ്മയുടെ പതിനേഴു കോഴികളുടെ ജീവനറ്റ ഉടലുകൾക്കിടയിലൂടെ വേണം കമിനിപുരത്തേക്ക് കയറേണ്ടത്.
ചത്തകോഴികളെ പൊരിച്ചും, കൊന്ന കീരിയെ തോരനാക്കിയും മരച്ചീനി പുഴുങ്ങിയതിനോടൊപ്പം വയറുവീർക്കെ തീറ്റിച്ച ശേഷമാണ് ദാനമ്മയും മകൻ സെൽവരാജും നമ്മെ കാമിനിപുരം കാണിക്കാൻ കൊണ്ടുപോകുന്നത്. ഒരു പുറ്റുപോലെ കാമിനിപുരം നമ്മെ മൂടുന്ന കാഴ്ചയാണ് തുടർച്ച.
കോടമഞ്ഞിറക്കമാണ് പിന്നെ വായനക്കാരെ വർത്തമാനത്തിലേക്ക് എത്തിക്കുന്നത്. മഞ്ഞിന്റെ മറയിലൂടെ സെൽവരാജ് മാഞ്ഞുപോകുമ്പോൾ, മഴയിലൂടെ ഊർന്നിറങ്ങി മഹർഷിയുടെ തപം മുടക്കാനെത്തിയ മോഹിനിക്ക് ‘നീയൊരു പുഴയായൊഴുകിയലയട്ടെ’ എന്ന താപസശാപം ലഭിച്ച് കാമിനിപ്പുഴയായി അവൾ ഒഴുകുന്നപോലെ അനുവാചകരും കഥയിലൂടെ ഒഴുകാൻ തുടങ്ങുന്നു.
അങ്ങനെ കാമിനിപുരം നമ്മുടെ പരിചിതഭൂമികയായി മാറുന്നു. അനുവാചകർക്ക് ആവോളം ഇടം നൽകുന്ന പതിവ് ശൈലി, കമിനിപുരത്തിലും നോവലിസ്റ്റ് അനുവർത്തിക്കുന്നുണ്ട്.
വയനാനന്തരം ഓരോ കഥാപാത്രങ്ങളും അനുവാചകരിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ വ്യാപ്തി ഏറെയാണ്. പാർശ്വവത്കൃത ജീവിതങ്ങൾക്ക് ലോകമാകമാനം സംഭവിക്കുന്ന ഏകദാനതയെ നോവൽ സൂക്ഷ്മ പഠനത്തിന് വിധേയപ്പെടുത്തുന്നു.
നീരുറവകൾ കേന്ദ്രീകരിച്ച് രൂപപ്പെട്ടിട്ടുള്ള സംസ്കാരങ്ങളിൽ തുടങ്ങുന്ന മനുഷ്യചരിത്രത്തോളം പുറകിലോട്ടും, ചൊവ്വയിൽ പിറവികൊള്ളുന്ന ആദ്യശിശുവിന്റെ ചരിത്രത്തോളം മുന്നിലോട്ടും ഒരേസമയം നോവൽ സഞ്ചരിക്കുന്നു. താഴ്ചയിലേക്ക് മാത്രം ഒഴുകുന്ന ജലം പോലെ, അരികുവത്കരിക്കപ്പെട്ട
ജനതയിലേക്ക് മാത്രം ഒഴുകിയിറങ്ങുന്ന അധികാര ദുഷ്പ്രഭുത്വത്തിന്റെ കൊടിയ പീഢകൾ ലോകത്തെവിടെയും സമാനതയുള്ളതാണ്. കേട്ടുകഥകളിലും, മിത്തുകളിലും കപട
വാഗ്ദാനങ്ങളിലും നിത്യ ദുരിതത്തിലും കുടുങ്ങിക്കിടക്കുന്ന ജീവിതങ്ങൾ. ദാരിദ്ര്യം അവരുടെ ജീവിതത്തേയും, മാനത്തേയും, മരണത്തെയും നിർദാഷണ്യം കവർന്നെടുക്കുമ്പോഴും, ഭരണവർഗ്ഗം വെച്ചുനീട്ടുന്ന വാഗ്ദാനങ്ങളിൽ വശംവദരായി അരികുജീവിതം നയിക്കാൻ വിധിപ്പെട്ടവരുടെ ചരിത്രം കലാതിവർത്തികളായി മന്വന്തരങ്ങൾ താണ്ടി ഇന്നിലെത്തി നിലകൊള്ളുന്നു.
ഭൗതികവും ആത്മീയവുമായ സ്വത്വപ്രതിസന്ധികൾ ഉള്ളുലയ്ക്കുമ്പോളും, നാളെയെന്ന ദൂരത്തിൽ പ്രതീക്ഷയുടെ വെട്ടം തേടുന്നവർ. അവർ സ്വപ്നം കാണുന്ന നാളെകളുടെ കടന്നുവരവ്, ലോകമൊട്ടാകെ സംഭവിക്കാൻ സാധ്യതയുള്ള രാഷ്ട്രീയ മുന്നേറ്റം ഇവയൊക്കെ നോവലിന്റെ സൂക്ഷ്മ വായനയിൽ അനാവൃതമാകുന്നു.
ഫിക്ഷന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കുമ്പോഴും യുക്തിഭദ്രതയ്ക്ക് ഊന്നൽ നൽകുന്നതിൽ ജാഗ്രത്തായിരിക്കണം എന്ന ഉൾവിളി നോവലിസ്റ്റ് ഉൾക്കൊള്ളുന്നുണ്ട്. അതിനാൽത്തന്നെ മാജിക്കൽ റിയലിസം നിലവിട്ട് രചനയെ സ്വാധീനിക്കുന്നുമില്ല.
ഒളിച്ചുകടത്തലുകളോട് ആഭിമുഖ്യമോ, അനുഭാവമോ നോവലിസ്റ്റ് പ്രകടിപ്പിക്കാതിരിക്കുന്നതുപോലെ, അതിബൗദ്ധികതയോട് സമരസപ്പെടാത്ത ശൈലിയും നോവൽ അനുവർത്തിക്കുന്നു. കാമിനിപുരം ഒരു സങ്കല്പഭൂമികയല്ല.
പ്രപഞ്ചത്തിലാകമാനം കാമിനിപുരങ്ങൾ നിലകൊള്ളുന്നുണ്ട്. അവയെ ഒളിപ്പിച്ചിരിക്കുന്ന, നിറം പൂശിയ ദുർബല മറകൾക്ക് മേൽ കാലം പ്രളയമായി അവതരിക്കുമ്പോൾ കാമിനിപുരങ്ങൾ നമുക്കുമുന്നിൽ തെളിഞ്ഞുവരും പല പേരുകളിൽ.
അപ്പോഴും ഉഷമാരുടെ നിലവിളികൾ ഉയർന്നുകേൾക്കും. പ്രളയം ആ ഒച്ചയെ നമ്മുടെ കാതുകളിൽ നിന്നും മറച്ചു പിടിക്കും.
ഭരണകൂടം കാമിനിപുരങ്ങളെ വേലികെട്ടി മറയ്ക്കുന്ന പോലെ. മാൻകൈന്റ് ലിറ്ററേച്ചർ പുറത്തിറക്കിയിരിക്കുന്ന കാമിനിപുരം എന്ന നോവൽ എന്നും പ്രസക്തമായ ‘ഇന്നു’കളുടെ കഥയാണ് പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]