മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കാനിരിക്കെ ടെസ്റ്റ് ടീം നായകന് ശുഭ്മാന്‍ ഗില്‍ ടി20 ടീമില്‍ തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനമാണ് ഗില്ലിനെ വീണ്ടും ടി20 ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യമുയരാന്‍ കാരണമായത്.
എന്നാല്‍ ഗില്ലിനെ ഉൾപ്പെടുത്തിയാല്‍ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്തേണ്ടിവരുമെന്നും ഓപ്പണറായ സഞ്ജു സാംസണ് ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടിവരുമെന്നതും തലവേദനയായിരുന്നു. ഇതോടെ സഞ്ജു ഏഷ്യാ കപ്പ് ടീമിൽ നിന്ന് പുറത്താകുമോ എന്ന ചര്‍ച്ചകളും ചൂടുപിടിച്ചു.
അതേസമയം, ഗില്ലിനെ ഏഷ്യാ കപ്പ് ടീമിലെടുക്കാനായി സഞ്ജുവിനെയല്ല മറ്റൊരു താരത്തെ ഒഴിവാക്കുന്ന കാര്യമാണ് സെലക്ടര്‍മാര്‍ പരിഗണിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഗില്ലിനെ ഉള്‍പ്പെടുത്തുമ്പോള്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്ന തിലക് വര്‍മയെ ഒഴിവാക്കുന്ന കാര്യമാണ് സെലക്ടര്‍മാര്‍ ആലോചിച്ചതെന്നും എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ തിലക് വര്‍മയെ ഒഴിവാക്കുന്നത് നീതികേടാകുമെന്നതിനാല് ഈ തീരുമാനം മാറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യാ കപ്പ് ടീമിലേക്ക് ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കില്ലെന്നും സഞ്ജുവിനെയും തിലക് വര്‍മയെയും നിലനിര്‍ത്തുമെന്നുമാണ് സൂചന. ഏഷ്യാ കപ്പ് ടീമില്‍ ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികളുമായി തിളങ്ങിയ തിലകിന് ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ ആ മികവ് ആവര്‍ത്തിക്കാനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രം നേടിയ തിലക് 19*, 72, 18, 0, 24 എന്നിങ്ങനെയായിരുന്നു സ്കോര്‍ ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]