
ചെർപ്പുളശ്ശേരി (പാലക്കാട്) ∙ റോഡിന്റെ ദുരവസ്ഥ കാരണം മുപ്പത്തിനാലുകാരിയുടെ
സ്ട്രെച്ചറിൽ ചുമന്ന് ബന്ധുക്കൾ. കാരാട്ടുകുർശ്ശി വട്ടപ്പറമ്പിൽ ശ്രീലതയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് ആംബുലൻസിൽനിന്ന് ഇറക്കി 250 മീറ്ററോളം ചുമക്കേണ്ടി വന്നത്.
പൊതുദർശനത്തിനു ശേഷം സംസ്കരിക്കുന്നതിന് ഷൊർണൂർ ശാന്തിതീരത്തേക്കു കൊണ്ടുപോകാനും ഇതേ ദൂരം ബന്ധുക്കൾ മൃതദേഹം ചുമന്നു. ശനിയാഴ്ചയായിരുന്നു സംഭവം.
നെട്ടിശ്ശേരിക്കുന്ന് ഭാഗത്തു നിന്ന് പഴയ പോസ്റ്റ് ഓഫിസിനു മുന്നിലൂടെ കിരാതമൂർത്തി ശിവക്ഷേത്രപരിസരത്തേക്കുള്ള റോഡാണ് നവീകരണത്തിന്റെ അഭാവം മൂലം തകർന്നിരിക്കുന്നത്.
തൃക്കടീരി പഞ്ചായത്തിലെ 11ാം വാർഡിലുൾപ്പെട്ട കാരാട്ടുകുർശ്ശിയിൽ 40ൽ ഏറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.ചെളിയും വെള്ളക്കെട്ടും നിറഞ്ഞിരിക്കുന്നതിനാൽ ശ്രീലതയുടെ വീടിന് അടുത്തുവരെ ആംബുലൻസിന് എത്താൻ സാധിച്ചില്ല.
10 വർഷങ്ങൾക്കു മുൻപ് നിർമിച്ച റോഡിൽ നവീകരണം നടത്തിയിട്ടില്ലാത്തതിനാൽ മഴക്കാലത്ത് കുഴികൾ രൂപപ്പെടുന്നത് പതിവാണ്.
വേനലിൽ പൊടി നിറയുന്നതും ബുദ്ധിമുട്ടാകുന്നു.രോഗബാധിതരെ ആശുപത്രിയിൽ എത്തിക്കാൻ പ്രതിസന്ധി നേരിടുന്നു എന്നാണ് പാടശേഖരത്തിന്റെ ഇരുകരകളിലുമുള്ള കുടുംബങ്ങളുടെ പരാതി. കിരാതമൂർത്തി ശിവക്ഷേത്ര പരിസരത്തു നിന്ന് നെട്ടിശ്ശേരിക്കുന്നു വരെയുള്ള റോഡിൽ മിക്ക ഭാഗവും തകർന്ന നിലയാണ്.
ഇതിനു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
2016–17 വർഷത്തിലാണ് വാർഡംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ പാടങ്ങൾക്കു നടുവിലൂടെ ശ്രമദാനം വഴി റോഡുണ്ടാക്കിയത്. ഇതേവർഷം 4 ലക്ഷം രൂപയും തുടർന്ന് 3 ലക്ഷം രൂപയും 2018–19 വർഷത്തിൽ രണ്ടു ലക്ഷം രൂപയും പിന്നീട് ഒരു ലക്ഷം രൂപയും റോഡിന് സംരക്ഷണഭിത്തിയും കലുങ്കും നിർമിക്കാൻ പഞ്ചായത്ത് ചെലവിട്ടിരുന്നു.
ഇതു കൂടാതെ അന്നത്തെ എംഎൽഎ പി.കെ.ശശിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപയും റോഡിന് അനുവദിച്ചു.
ഇതിനിടെ 2021 ഓഗസ്റ്റിൽ റോഡിൽ ചെളി നിറഞ്ഞ സാഹചര്യത്തിൽ മൃതദേഹം സ്ട്രെച്ചറിൽ അര കിലോമീറ്ററിലേറെ ദൂരം ബന്ധുക്കൾക്കു ചുമക്കേണ്ടി വന്നിട്ടുണ്ട്. 87കാരിയായ കാരാട്ടുകുർശ്ശി നെട്ടിശ്ശേരിക്കുന്ന് വട്ടപ്പറമ്പിൽ കുന്നിന്മേൽ ചിന്നയുടെ മൃതദേഹമാണ് സംസ്കരിക്കാനായി പാമ്പാടി ഐവർമഠത്തിലേക്കു കൊണ്ടുപോകുന്നതിന് ആംബുലൻസിൽ എത്തിക്കാൻ സ്ട്രെച്ചറിൽ ചുമന്നത്.
ഈ സംഭവം കഴിഞ്ഞ് 5 വർഷം പിന്നിട്ടെങ്കിലും കിരാത മൂർത്തിക്ഷേത്ര പരിസരത്തു നിന്ന് 50 മീറ്റർ ദൂരമാണ് റോഡ് കോൺക്രീറ്റ് ചെയ്തു നവീകരിച്ചത്. ബാക്കിയുള്ള ഭാഗങ്ങളിൽ ദുരിതം തുടരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]