ദില്ലി : രാജ്യത്ത് ഡോക്ടർമാർ പോലും സുരക്ഷിതരല്ലെന്നും കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊലയാളികളെ പിടികൂടുന്നതിൽ നിയമ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ദില്ലി നിർഭയയുടെ അമ്മ ആശ ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിർഭയയ്ക്ക് ശേഷം ശക്തമായ നിയമങ്ങൾ നിലവിൽ വന്നിട്ടും രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല. കൊൽക്കത്തയിലെ വനിതാ ഡോക്ടർക്ക് നീതി കിട്ടണം. ബംഗാളിൽ എല്ലാം വകുപ്പുകളും മമത ബാനർജിയുടെ കയ്യിൽ ഉണ്ടായിട്ടും ഒരു പെൺകുട്ടിയുടെ ജീവൻ പോലും രക്ഷിക്കാൻ ആയില്ലെന്നും ആശ ദേവി അഭിപ്രായപ്പെട്ടു.
ആർജി കർ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ചാണ് ക്രൂര കൃത്യം നടന്നത്. സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും
അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് കുടുംബവും പ്രതിഷേധക്കാരും.പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നാണ് സംശയിക്കുന്നത്. ആശുപത്രിയിലെ ചില ജൂനിയർ ഡോക്ടർമാർക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു.
അലയടിച്ച് പ്രതിഷേധം
കൊൽക്കത്തയിൽ യുവഡോക്ടറുടെ ബലാത്സംഗക്കൊലക്കെതിരായ പ്രതിഷേധത്തിൽ രാജ്യത്തെ ആരോഗ്യമേഖല സ്തംഭിച്ചു. രാജ്യതലസ്ഥാനത്തടക്കം ഡോക്ടർമാരുടെ പ്രതിഷേധം അലയടിക്കുകയാണ്. അത്യാഹിത വിഭാഗം ഒഴികെ ഡ്യൂട്ടി ബഹിഷ്ക്കരിച്ച് ഡോക്ടർമാർ ഇന്നും തെരുവിലിറങ്ങി. ദില്ലി എംയിസ്, സഫ്ദർജംഗ് ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും അപ്പോളോ അടക്കം സ്വാകാര്യ ആശുപത്രിയിലും പ്രതിഷേധം നടന്നു. ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തതോടെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. ആശുപത്രികളിലെ സേവനം നിലച്ചതോടെ രോഗികളും വളഞ്ഞു. ഇതിനിടെ സമരം തണുപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടങ്ങി. സുരക്ഷ ഉൾപ്പെടെ വിഷയങ്ങൾ പരിഗണക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു.ഡോക്ടർമാരുടെ സംഘടനകൾക്കും സംസ്ഥാന സർക്കാരിനും സമിതിയ്ക്കു മുൻപാകെ നിർദേശം സമർപ്പിക്കാം. സർക്കാർ വാർത്താക്കുറിപ്പിൽ ഉറപ്പ് എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]