
ചണ്ഡീഗഡ്: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹരിയാനയില്‍ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. എസ്സി വിഭാഗത്തിന് സർക്കാർ ജോലികളിൽ 20 ശതമാനം സംവരണമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മന്ത്രിസഭ യോഗത്തിലെ തീരുമാനമാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തില്‍ പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് തന്നെയായിരിക്കും ഹരിയാനയിലെയും വോട്ടെണ്ണല്‍ നടക്കുക.
നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന രണ്ട് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടപടികളാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.
രാഷ്ട്രപതി ഭരണം, പുനസംഘടന തുടങ്ങിയ നടപടികളില്‍ പെട്ട കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍ നവംബര്‍ മൂന്നിനും, മഹാരാഷ്ട്രയില്‍ നവംബര്‍ 26നും നിയമസഭയുടെ കാലാവധി കഴിയും. ഇതില്‍ ആദ്യഘട്ടമായാണ് ഹരിയാനയിലെയും കശ്മീരിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീടായിരിക്കും പ്രഖ്യാപിക്കുക.കശ്മീരിനൊപ്പം ഹരിയാനയും സന്ദര്‍ശിച്ച കമ്മീഷന് മഹാരാഷ്ട്രയും ജാര്‍ഖണ്ഡും സന്ദര്‍ശിച്ചിരുന്നില്ല. ജാര്‍ഖണ്ഡില്‍ ഡിസംബറിലേ നിയമസഭയുടെ കാലാവധി കഴിയുന്നുള്ളൂ. വൈകി പ്രഖ്യാപിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കാനാകും സാധ്യത. കേരളത്തില്‍ പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]