കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം: പ്രതികൾ സ്വാധീനമുള്ളവർ, പോസ്റ്റുമോര്‍ട്ടത്തിലും ദുരൂഹത ആരോപിച്ച് കുടുംബം
കൊല്‍ക്കത്ത: ആര് ജെ കര് മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി ഡോക്ടറുടെ കുടുംബം. മകളുടെ കൊലപാതകത്തില്‍ ആശുപത്രിക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നും ഏഴ് മണിക്കൂറിന് ശേഷം എന്തിനാണ് ജോലി ചെയ്യിച്ചതെന്നും കുടുംബം ചോദിച്ചു.
ക്രൂരമായാണ് മകളെ കൊലപ്പെടുത്തിയത്. മറക്കാനാകാത്ത വേദനയാണ്. അധിക സമയം ജോലി ചെയ്യിച്ചതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പ്രതികരിച്ചു.
സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെയും സംസാരിച്ചിട്ടില്ല. മകള്‍ ആത്മഹത്യ ചെയ്തെന്നാണ് ആശുപത്രി അധികൃതർ ആദ്യം അറിയിച്ചത്. ഡെപ്യൂട്ടി സൂപ്രണ്ടാണ് വിവരം അറിയിച്ചത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറായില്ലെന്നും കുടുംബം പറഞ്ഞു.
പോസ്റ്റ്മോർട്ടം വേഗത്തിൽ ആക്കിയതും ബന്ധുക്കളുടെ അസാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തിയതിലും ദുരൂഹതയുണ്ടെന്നും കുടുംബം പറഞ്ഞു. മൃതദേഹം നേരിട്ട് വീട്ടിലെത്തിച്ചു. തങ്ങളുടെ സാന്നിധ്യത്തിലല്ലാതെ എങ്ങനെയാണ് പോസ്റ്റുമോര്‍ട്ടം നടത്തുകയെന്നും കുടുംബം ചോദിക്കുന്നു.
പൊലീസിനെതിരെയും ഡോക്ടറുടെ കുടുംബം രംഗത്തെത്തി. പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരവീഴ്ച്ചയുണ്ടായി. പരാതി അറിയിക്കാന്‍ ചെന്നപ്പോള്‍ കാത്തിരിക്കാനാണ് പറഞ്ഞത്. പൊലീസിന്റെ കാലില്‍ വീഴേണ്ടി വന്നു. നാല് മണിക്കൂറിന് ശേഷമാണ് പൊലീസുമായി സംസാരിക്കാന്‍ സാധിച്ചത്. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ട്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം പറഞ്ഞു.
പ്രതികളെല്ലാം സ്വാധീനമുള്ളവരാണ്. കോടതിയിലും നിയമത്തിലും പ്രതീക്ഷയുണ്ട്. പിന്തുണ നല്കുന്നവര്ക്കെല്ലാം നന്ദി. പ്രതിഷേധിക്കുന്നവരെല്ലാം മക്കളെപ്പോലെയാണ്. ഇനി ഒരാള്‍ക്കും ഈ അവസ്ഥ വരരുത്. മകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും കുടുംബം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]