
തിരുവനന്തപുരം: സുസ്ഥിരത, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, സാമൂഹിക നീതി ഉറപ്പാക്കൽ തുടങ്ങിയവയിലധിഷ്ഠിതമായ ആസൂത്രിത നഗരവികസനമാകും കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 2025-26 ലെ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക കേന്ദ്ര ധന സഹായത്തിനായി നഗരാസൂത്രണ പരിഷ്കാരങ്ങളെക്കുറിച്ചുള്ള സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷൻ വർക്ക്ഷോപ്പ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃതിന്റെ സംസ്ഥാന മിഷൻ മാനേജ്മെന്റ് യൂണിറ്റാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. നഗരാസൂത്രണ രംഗത്ത് കേരളത്തിന് നീക്കിവച്ചിട്ടുള്ള പലിശ രഹിത വായ്പയായുള്ള കേന്ദ്രസഹായം പരമാവധി വിനിയോഗിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
നഗര വികസന ആസൂത്രണ രംഗത്തെ പരിഷ്കാരങ്ങൾ സംബന്ധിച്ച് ശരിയായി ആവിഷ്കരിച്ച പദ്ധതികൾ സെപ്റ്റംബറോടെ അന്തിമമായി സമർപ്പിക്കാൻ കഴിയണം.കേന്ദ്ര ധന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതിനാൽ നിഷ്ക്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് കൃത്യമായി പദ്ധതി രേഖ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് ശ്രമിക്കണം. കേരളം അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സർക്കാർ നിയോഗിച്ച അർബൻ പോളിസി കമ്മീഷന്റെ നിരീക്ഷണമനുസരിച്ച് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടി വേഗത്തിലും ആഗോള ശരാശരിയേക്കാൾ ഉയർന്ന നിരക്കിലുമാണ് നഗരവൽക്കരണം നടക്കുന്നത്. സംസ്ഥാനം മൊത്തത്തിൽ ഒരു വലിയ നഗരമായി മാറിക്കൊണ്ടിരിക്കുന്നു.
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം എന്നതിലുപരി, നഗരങ്ങൾ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഈ മാറ്റം വലിയ വെല്ലുവിളികളും അതോടൊപ്പം വലിയ അവസരങ്ങളും തുറന്നുതരുന്നുണ്ട്.
ഈ അവസരങ്ങൾ ഉപയോഗിക്കാനും വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും കഴിയണം എന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]