ബ
ഷാർ അൽ അസദിന്റെ പതനത്തോടെ സിറിയ ശാന്തമാകുന്നുവെന്ന തോന്നലിനിടെയാണ് അവിടെനിന്ന് വീണ്ടും
അലയൊലികൾ ഉയരുന്നത്. പതിറ്റാണ്ടുകൾ നീണ്ട
സ്വേച്ഛാധിപത്യത്തിന്റെ വേദനയിൽനിന്നും 14 വർഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളിൽനിന്നും കരകയറാൻ ശ്രമിക്കുന്ന സിറിയ, ന്യൂനപക്ഷങ്ങൾ തമ്മിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സംഘർഷത്തിലൂടെ വീണ്ടും ഭിന്നതയുടെ വക്കിലാണ്.
സുന്നികളായ ബെദൂയിൻ ഗോത്രവും ഇസ്മായിലി ഷിയാ ഗോത്രമായ ഡ്രൂസുകളും തമ്മിലുള്ള സംഘർഷമാണ് സിറിയയിൽ പുതിയതായി ഉടലെടുത്തത്. സിറിയൻ സർക്കാർ ബെദൂയിനുകൾക്ക് അനുകൂലമായി നിലപാടെടുത്തതോടെ ഡ്രൂസുകളെ പിന്തുണച്ച് ഇസ്രയേലും രംഗത്തെത്തി.
ഇസ്രയേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഡ്രൂസുകളെ വിശ്വസ്ത ന്യൂനപക്ഷമായാണ് ഇസ്രയേൽ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലുമായി എതാണ്ട് 300 ഓളം പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഡിസംബർ ആദ്യം മുതൽ സുന്നി ഇസ്ലാമിക വിമത ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സർക്കാർ അനുകൂല സേനയും ഡ്രൂസ് പോരാളികളും തമ്മിൽ പലതവണ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് അത് കടുത്തത്.
വ്യാഴാഴ്ചയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെന്ന് സിറിയൻ സർക്കാർ അറിയിച്ചെങ്കെലും അത് എത്രനാളത്തേക്ക് എന്ന് വ്യക്തമല്ല. ഭേദഗതികളോടെ വെടിനിർത്തൽ കരാർ ഇരുവിഭാഗങ്ങളും അംഗീകരിച്ചെന്നും അതോടെ സംഘർഷ മേഖലയിൽനിന്ന് സൈന്യം പിൻവാങ്ങി തുടങ്ങുന്നുവെന്നുമാണ് റിപ്പോർട്ട്.
ആരാണ് ഡ്രൂസുകൾ?
പതിനൊന്നാം നൂറ്റാണ്ടിൽ ഷിയ ഇസ്ലാമില്നിന്ന് പിരിഞ്ഞുണ്ടായ ഇസ്മായിലിസത്തിന്റെ ഒരു ഉപവിഭാഗമാണ് ഡ്രൂസ്.
ഈജിപ്തിലാണ് അതിന്റെ തുടക്കം. മത പണ്ഡിതനായിരുന്ന മുഹമ്മദ് ബിൻ ഇസ്മായിൽ നഷ്താക്കിൻ അദ്-ദറാസിയുടെ പേരിൽനിന്നാണ് ഈ വിഭാഗത്തിന് ഡ്രൂസ് എന്ന പേരു ലഭിച്ചത്.
അദ്-ദറാസിയും ഹംസ ബിൻ അലി എന്ന മതപണ്ഡിതനുമായിരുന്നു ആദ്യകാലത്ത് ഈ വിശ്വാസധാരയെ നയിച്ചിരുന്നത്.
തുടക്കത്തിൽ ഡ്രൂസുകളുടെ കൂടിച്ചേരലുകളും പ്രാർഥനായോഗങ്ങളുമൊക്കെ അതീവരഹസ്യമായാണ് നടന്നിരുന്നത്. പിന്നീട് അദ്-ദറാസിയും ഹംസ ബിൻ അലിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി.
താൻ ദൈവത്തിന്റെ അവതാരമാണെന്ന അദ്-ദറാസിയുടെ നിലപാടായിരുന്നു കാരണം. ഹംസ ഇതിനെ എതിർത്തിരുന്നു.
1016 ൽ അദ്-ദറാസിയും അനുയായികളും തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുകയും ഒപ്പം ചേരാൻ ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ സംഘർഷം കലാപത്തിലേക്കു നീങ്ങുകയും ചെയ്തു.
തുടർന്ന് അദ്-ദറാസിയെയും അനുയായികളെയും ഡ്രൂസുകൾ വിശ്വാസവിരുദ്ധരായി പ്രഖ്യാപിച്ചു. അദ്-ദറാസിയെ തള്ളിപ്പറഞ്ഞെങ്കിലും വിശ്വാസധാര ഡ്രൂസ് എന്ന പേരിൽത്തന്നെ അറിയപ്പെട്ടു.
ഒരു ദശലക്ഷത്തോളം വരുന്ന ഡ്രൂസുകളിൽ പകുതിയോളം സിറിയയിലാണെന്നാണ് കണക്ക്.
ബാക്കിയുള്ളവർ ലെബനൻ, ഇസ്രയേൽ, ഇസ്രയേൽ അധിനിവേശ ഗൊലാൻ കുന്നുകൾ എന്നിവിടങ്ങളിൽ ജീവിക്കുന്നു. ദക്ഷിണ സിറിയൻ പ്രവിശ്യയായ സുവൈദ, ഡമാസ്കസിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഡ്രൂസുകളുടെ സാന്നിധ്യം കൂടുതലായുള്ളത്.
കടുത്ത വിശ്വാസികളായ ഡ്രൂസുകൾ അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധയുള്ളവരാണ്. മതാചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താനും വിശുദ്ധഗ്രന്ഥം പഠിക്കാനുമുള്ള അനുവാദം എല്ലാ വിശ്വാസികൾക്കുമില്ല.
തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമേ അതിന് അനുവാദമുള്ളൂ. സമുദായത്തിനു പുറത്തുനിന്നുള്ള വിവാഹബന്ധങ്ങളെ അവർ പ്രോൽസാഹിപ്പിക്കുന്നില്ല.
സിറിയയിൽ ഡ്രൂസുകളുടെ പ്രശ്നമെന്ത്?
ബാഷർ അൽ അസദിന്റെ ബാത്ത് പാർട്ടിയുടെ ഭരണത്തിൽ വലിയ മതസ്വാതന്ത്ര്യം അനുഭവിച്ചവരാണ് ഡ്രൂസുകൾ.
അലവൈറ്റ് വിഭാഗം ആധിപത്യം പുലർത്തിയ അസദ് കുടുംബത്തിന്റെ ഭരണം രാജ്യത്തെ സുന്നി വിഭാഗത്തെ അടിച്ചമർത്തുകയും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ചില അധികാരങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ അസദിനെ അട്ടിമറിച്ച് അഹ്മദ് അശ്ശറ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ മാറി.
അൽ ഖായിദയുമായി ബന്ധമുണ്ടായിരുന്ന അൽ നുസ്റ ഫ്രന്റിന്റെ തലവനായിരുന്ന അശ്ശറ ആഗോളഭീകരപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നയാളാണ്. പിന്നീട് അശ്ശറിന്റെ ഹയാത്ത് തഹ്രീർ അൽ ശാം (എച്ച്ടിഎസ്) എന്ന സംഘടനയെ ഭീകരപട്ടികയിൽനിന്ന് യുഎസ് ഒഴിവാക്കി.
ഡ്രൂസ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണ പങ്കാളിത്തം ഉറപ്പു നൽകിയാണ് അഹ്മദ് അശ്ശറ അധികാരത്തിലെത്തിയതെങ്കിലും പിന്നീട് അതു കാര്യമായി പാലിക്കപ്പെട്ടില്ല.
മാർച്ചിൽ അധികാരത്തിലെത്തിയ 23 അംഗ മന്ത്രിസഭയിൽ ഡ്രൂസ് വിഭാഗത്തിൽ ഒരാൾക്കു മാത്രമാണ് ഇടം കിട്ടിയത് – കൃഷിമന്ത്രി അംജാദ് ബാദ്റ. അത് ഡ്രൂസുകളുടെ അതൃപ്തിക്കു കാരണമായിരുന്നു.
14 വർഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധകാലത്ത് ഡ്രൂസുകൾ സായുധസംഘം രൂപീകരിച്ചത് തീവ്രവാദവിഭാഗങ്ങളിൽനിന്നു സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു. 2018ൽ ഇസ്ലാമിക് സ്റ്റേറ്റ് സുവൈദ പ്രവിശ്യയിൽ ഡ്രൂസുകൾക്കെതിരെ നടത്തിയ ആക്രമണത്തിൽ 200 പേർ കൊല്ലപ്പെടുകയും നിരവധി പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു.
അശ്ശർ ഭരണകൂടത്തിന് തീവ്രവിഭാഗങ്ങളുമായുള്ള അടുപ്പം ഡ്രൂസുകളെ അസ്വസ്ഥരാക്കുന്നുണ്ട്.
പുതിയ സർക്കാരുമായി എങ്ങനെ ഇടപെടണമെന്നതിൽ ഡ്രൂസുകൾക്കിടയിൽത്തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. സർക്കാരുമായി ചർച്ച വേണമെന്ന് ഒരു വിഭാഗം നിലപാടെടുക്കുമ്പോൾ അതിനെ എതിർക്കുകയാണ് മറുവിഭാഗം.
ഡ്രൂസുകൾക്കു നേരേ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സൈന്യം നടത്തിയ ആക്രമണങ്ങൾ അവരെ സർക്കാരിൽനിന്ന് അകറ്റിയിട്ടുമുണ്ട്.
തട്ടിക്കൊണ്ടു പോകലിൽ തുടങ്ങി, ഇടപെട്ട് ഇസ്രയേലും
സുവൈദ പ്രവിശ്യയിൽ ബെദൂയിൻ വിഭാഗത്തിൽപ്പെട്ടവർ ഡ്രൂസ് വിഭാഗത്തിൽപ്പെട്ട ഒരു വഴിയോര കച്ചവടക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിനു തുടക്കമിട്ടതെന്ന് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ് സിറിയിൽ ഒബ്സർവേറ്ററി ഫോർ ഹ്യുമൻ റൈറ്റ്സ് എന്ന യുദ്ധനിരീക്ഷകർ പറയുന്നു.
പിന്നാലെ, ഡ്രൂസുകൾ ബെദൂയിൽ വിഭാഗത്തിൽപെട്ട ചിലരെ തട്ടിക്കൊണ്ടുപോയി.
ഇവരെ പിന്നീടു വിട്ടയച്ചെങ്കിലും സംഘർഷം അയഞ്ഞില്ല. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ സൈന്യത്തെ ഇറക്കി.
അവർ പക്ഷേ ബെദൂയിനുകളെ പിന്തുണച്ചതോടെ ഏറ്റുമുട്ടൽ സൈന്യവും ഡ്രൂസുകളും തമ്മിലാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് ഡ്രൂസുകളെ സഹായിക്കാൻ ഇസ്രയേൽ രംഗത്തെത്തുകയായിരുന്നു.
ഇസ്രയേൽ സിറിയൻ സേനയുടെ ടാങ്കുകളെ ഉന്നമിട്ട് വ്യോമാക്രമണം നടത്തി. സിറിയയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാനകവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 5 സുരക്ഷാസൈനികരും കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ബുധനാഴ്ച സിറിയൻ സർക്കാരുമായി പുതിയ വെടിനിർത്തൽ കരാറുണ്ടാക്കിയെന്നു ഡ്രൂസ് ആത്മീയനേതാവ് ഷെയ്ഖ് യൂസുഫ് ജർബു വിഡിയോ സന്ദേശത്തിൽ അറിയിച്ചിട്ടുണ്ട്.
എന്നാൽ, സുവൈദയിൽനിന്നു പിൻവാങ്ങുംവരെ സർക്കാർസേനയ്ക്കുനേരെ ആക്രമണം തുടരുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് വ്യക്തമാക്കി. സുവൈദയിലെ ഗോത്രസംഘർഷത്തിൽ ഇതുവരെ 250 പേർ കൊല്ലപ്പെട്ടെന്നാണു യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററിയുടെ കണക്ക്.
ഇതിൽ 135 സൈനികരുമുൾപ്പെടുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]