ന്യൂയോര്‍ക്ക്: രണ്ട് കൂറ്റൻ തമോദ്വാരങ്ങളുടെ (തമോഗര്‍ത്തം) ഏറ്റവും വലിയ ലയനം ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിൽ നിന്ന് ഏകദേശം 10 ബില്യൺ പ്രകാശവർഷം അകലെ നടന്ന ഈ ആകാശ സ്ഫോടനം തരംഗങ്ങൾ സൃഷ്ടിച്ചത് ഭൂമിയിലെ പ്രത്യേക ഡിറ്റക്ടറുകൾ പിടിച്ചെടുക്കുകയായിരുന്നു.
സൂര്യന്റെ പിണ്ഡത്തിന്റെ 100 ഉം 140 ഉം മടങ്ങുവരുന്ന രണ്ട് വലിയ തമോദ്വാരങ്ങള് പരസ്പരം ഇടിച്ചുകയറി 225 സൗരപിണ്ഡങ്ങളുള്ള ഒരു പുതിയ ബ്ലാക്ക്ഹോള് സൃഷ്ടിക്കപ്പെട്ടു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സൂര്യന്റെ 100 മടങ്ങിലധികം പിണ്ഡമുള്ള ഈ തമോദ്വാരങ്ങള് പരസ്പരം പിണഞ്ഞ ശേഷം കൂട്ടിയിടിച്ച് പുതിയൊരു വലിയ തമോദ്വാരം രൂപപ്പെട്ടുവെന്ന് ഗവേഷകര്‍ പുറത്തുവിട്ട
വിവരങ്ങള്‍ ഉദ്ദരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഈ കൂട്ടിയിടിയിൽ ഉണ്ടായ ഗുരുത്വാകർഷണ തരംഗങ്ങൾ 2023 നവംബറിൽ ഭൂമിയിലെ ഹൈടെക് ഡിറ്റക്ടറുകള്‍ പിടിച്ചെടുത്തു.
ലൂസിയാനയിലെ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-വേവ് ഒബ്സർവേറ്ററി (LIGO) ഡിറ്റക്ടറുകൾ ആണ് ഈ തരംഗങ്ങള്‍ തിരിച്ചറിഞ്ഞത്. 2023 നവംബർ 23ന്, ഇന്ത്യൻ സമയം ഏകദേശം രാത്രി 7:30ന് ഈ ഡിറ്റക്ടറുകൾക്ക് ഒരേസമയം വൈബ്രേഷൻ അനുഭവപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തമോദ്വാര ലയന സംഭവം ആണിതെന്ന് ഗവേഷകര്‍ വിശദീകരിച്ചു. തമോദ്വാരങ്ങൾ ആദ്യം പരസ്പരം ചുറ്റുകയും പിന്നീട് അടുത്തേക്ക് വരികയും തുടർന്ന് ഒന്നായി മാറുകയും പൊട്ടിത്തെറിച്ച് ഗുരുത്വാകർഷണ തരംഗങ്ങൾ ഉണ്ടാകുകയും ചെയ്തുവെന്നാണ് സയൻസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സൂര്യന്റെ പിണ്ഡത്തിന്റെ 225 മടങ്ങ് പിണ്ഡമുള്ള ഒരു തമോദ്വാരമാണ് ഈ കൂട്ടിയിടിക്ക് ശേഷം ഉണ്ടായതെന്നാണ് ഗവേഷകരുടെ അനുമാനം. പുതിയ സംഭവത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ രണ്ട് തമോദ്വാരങ്ങളിൽ ഒന്നിന് മാത്രം സൂര്യന് സമാനമായ പിണ്ഡമുണ്ടായിരുന്നു.
കൂടിച്ചേർന്ന ഈ രണ്ട് തമോദ്വാരങ്ങളും യഥാർഥത്തിൽ നക്ഷത്രങ്ങളിൽ നിന്ന് രൂപപ്പെട്ടവ അല്ലെന്നും മുമ്പത്തെ തമോദ്വാര ലയനങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണെന്നും ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-വേവ് ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞർ പറയുന്നു. ഇതായിരിക്കാം അവയുടെ വലിപ്പത്തിന് കാരണം എന്നും ഗവേഷകർ വിശ്വസിക്കുന്നു.
തമോദ്വാര കൂട്ടിയിടികൾ പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ പ്രതിഭാസമാണെന്ന് കാർഡിഫ് സർവകലാശാലയിലെ ഗ്രാവിറ്റി എക്സ്പ്ലോറേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ പ്രൊഫസർ മാർക്ക് ഹന്നം പറയുന്നു. ഗുരുത്വാകർഷണ തരംഗങ്ങൾ ഒരു പ്രോട്ടോണിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് ചെറുതാണെന്നും അദേഹം പറഞ്ഞു.
അതിനാൽ ഭൂമിയിൽ എത്തുമ്പോഴേക്കും അവയെ കണ്ടെത്താൻ പ്രയാസമാകും. ഗുരുത്വാകർഷണ തരംഗങ്ങൾ ഭൂമിയിലെ ഡിറ്റക്ടറുകളെ സെക്കൻഡിന്റെ പത്തിലൊന്ന് സമയം ചലിപ്പിച്ചു.
ഇതിനെ ശാസ്ത്രജ്ഞർ റിംഗ്ഡൗൺ ഘട്ടം എന്ന് വിളിക്കുന്നു. ഗുരുത്വാകർഷണ തരംഗങ്ങൾ ഉപയോഗിച്ച് അളന്നതിൽ വച്ച് ഏറ്റവും വലിയ തമോദ്വാരങ്ങളാണ് ഇവയെന്ന് പ്രൊഫസർ മാർക്ക് ഹന്നം പറയുന്നു.
ഭീമാകാരമായ നക്ഷത്രങ്ങൾ അവയുടെ ജീവിതാവസാനത്തോട് അടുക്കുമ്പോഴാണ് പ്രപഞ്ചത്തിലെ ഭൂരിഭാഗം തമോദ്വാരങ്ങളും സൃഷ്ടിക്കപ്പെടുന്നത്. നക്ഷത്രങ്ങളുടെ അവസാനകാലത്ത് ആണവ ഇന്ധനത്തിന്റെ അഭാവം മൂലം തകരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ഗുരുത്വാകർഷണ തരംഗങ്ങൾ അളക്കുന്നതിലൂടെ ഇതുവരെ 300 തമോദ്വാര കൂട്ടിയിടികൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]