
സെക്സ് റാക്കറ്റിൽ പൊലീസ് ഡ്രൈവർമാർ; ‘ഓപ്പറേഷൻ ഹെയർപിൻ’ വേണ്ടി വന്നത് 11 ദിവസം, സേനയ്ക്കുള്ളിൽ വിമർശനം
കോഴിക്കോട് ∙ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് നഗരത്തിലെ 2 പൊലീസ് ഡ്രൈവർമാരെ കണ്ടെത്താൻ പൊലീസിനു വേണ്ടി വന്നതു 11 ദിവസം.
ഇതു പൊലീസ് സേനയ്ക്കുള്ളിൽ തന്നെ വിമർശനത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. പൊലീസിന്റെ എല്ലാ നീക്കങ്ങളും വ്യക്തമായി അറിയുന്ന പ്രതികൾ കീഴടങ്ങുമെന്ന് ആദ്യം കരുതിയെങ്കിലും ജില്ലയിലെ പൊലീസ് സേനയെ പ്രതികൾ വട്ടം കറക്കി.
താമരശ്ശേരി ചുരം കയറിയെന്ന സൂചനയെ തുടർന്ന് ഒടുവിൽ പൊലീസിന്റെ എല്ലാ അന്വേഷണ ഏജൻസികളെയും ഉൾപ്പെടുത്തിയാണ് ‘ഓപ്പറേഷൻ ഹെയർപിൻ’ എന്ന പേരിൽ അന്വേഷണ സംഘം രൂപീകരിച്ചത്. കേസിൽ പൊലീസുകാർ ഉൾപ്പെട്ടെന്ന വിവരം പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഇതുമായി ബന്ധപ്പെട്ടു അന്വേഷണ സംഘം പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അന്നു വൈകിട്ട് വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 2 പൊലീസുകാരെയും നിരീക്ഷിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് പ്രതികളെ കേസിൽ പ്രതി ചേർത്തു സസ്പെൻഡ് ചെയ്തിട്ടും കസ്റ്റഡിയിലെടുക്കാനും വൈകി.
ഇതോടെ 2 പേരും മുങ്ങുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ നടക്കാവ് ഇൻസ്പെക്ടറും എസ്ഐയും ഉൾപ്പെട്ട
സംഘം വിശ്രമമില്ലാതെ പ്രയത്നിച്ചു.
പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതോടെയാണ് പ്രതികളുടെ താവളത്തെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്.
പ്രതികളുടെ സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്തു. പ്രതികൾക്ക് വീട് നൽകിയത് 2 ദിവസം താമസിക്കാനാണെന്നു പറഞ്ഞതിനാലാണെന്നു സുഹൃത്ത് മൊഴി നൽകി.
എന്നാൽ അനാശാസ്യ കേന്ദ്രം നടത്തിപ്പു കേസിലെ പ്രതികളാണെന്ന് അറിയില്ലെന്നും പറഞ്ഞു. ഒടുവിൽ പുലർച്ചെയോടെ അന്വേഷണ സംഘം പ്രതികളെ ഒളിസങ്കേതത്തിൽ നിന്നു പിടികൂടുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]