
ഇറാൻ – ഇസ്രയേൽ സംഘർഷം: അസർബൈജാനിലേക്ക് കടന്നത് അറുനൂറിലേറെ ആളുകൾ
ടെഹ്റാൻ ∙ ഇറാനെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 17 രാജ്യങ്ങളിൽ നിന്നുള്ള അറുനൂറിലേറെ ആളുകൾ ഇറാനിൽ നിന്ന് അസർബൈജാനിലേക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. 110 പൗരന്മാരെ ഇന്ത്യ ഇറാനിൽ നിന്ന് അർമീനിയ വഴി ഒഴിപ്പിച്ചെന്ന് അർമീനിയൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
51 രാജ്യങ്ങളിൽ നിന്നുള്ള 1200 ലേറെ പൗരന്മാർ ഇറാനിൽ നിന്ന് അസർബൈജാനിലേക്ക് കടക്കാൻ അനുമതി തേടിയെന്ന് അസർബൈജാൻ വിദേശകാര്യ വക്താവ് ഐഖാൻ ഹജിസദേഖ് അറിയിച്ചു. എത്ര ആളുകൾക്ക് അനുമതി നൽകിയെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല.
അതേസമയം, റഷ്യ, യുഎസ്, ജർമനി, സ്പെയിൻ, ഇറ്റലി, സെർബിയ, റൊമാനിയ, പോർച്ചുഗൽ, ചൈന, വിയറ്റ്നാം, യുഎഇ, ജോർജിയ, ബെലാറുസ്, കസക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അറുനൂറിലേറെ ആളുകൾ അസർബൈജാനിലേക്ക് കടന്നതായി പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തിയിൽ എത്തിയവരെ ബസിൽ രാജ്യതലസ്ഥാനമായ ബാക്കുവിൽ എത്തിച്ച ശേഷം സ്വന്തം രാജ്യത്തേക്കു പോകാൻ അവസരമൊരുക്കിയത്.
ടെഹ്റാനിൽ നിന്ന് എത്രയും വേഗം ആളുകൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]