
‘ലാൻഡിങ് ശ്രമം 2 തവണ പരാജയപ്പെട്ടു, ആശങ്കയുടെ മണിക്കൂറുകൾ, ഒടുവിൽ അമൃത്സറിൽ ലാൻഡിങ്’: എയർ ഇന്ത്യ വിമാനത്തിലെ യാത്രാക്കുറിപ്പ്
ന്യൂഡൽഹി ∙ റൺവേയിൽ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ രണ്ടു തവണ ലാൻഡിങ്ങിനു ശ്രമിച്ച് പരാജയപ്പെട്ടതിനു ശേഷമാണ് കൊച്ചിയിൽനിന്നു ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അമൃത്സറിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് വിമാനത്തിലെ യാത്രക്കാരനായിരുന്ന മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ മനു പ്രമദ്. വിമാനം സുരക്ഷിതമായി നിലംതൊടുംമുൻപുള്ള ആശങ്കാജനകമായ മണിക്കൂറുകളെപ്പറ്റി മനു പറയുന്നു.
‘‘കൊച്ചിയിൽനിന്നു ചൊവ്വാഴ്ച രാവിലെ 11.35 നാണ് എഐ 0822 വിമാനം ടേക്ക് ഓഫ് ചെയ്തത്. അപ്പോഴേ ചെറിയ തോതിൽ ടർബുലൻസ് ഉണ്ടായിരുന്നു.
മഴയുള്ളതു കൊണ്ടു സ്വാഭാവികമായി ഉണ്ടാകുന്നതാണത്. അതുകൊണ്ടു കാര്യമാക്കിയില്ല.
പിന്നെ ഡൽഹി വരെ കുഴപ്പമുണ്ടായിരുന്നില്ല. ഉച്ചയ്ക്കു 2.55 നാണ് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്നത്.
ലാൻഡിങ്ങിനു തൊട്ടുമുൻപ് നല്ല തോതിൽ കുലുക്കമുണ്ടായിരുന്നു. അവിടെ ഇറങ്ങുമ്പോൾ കനത്ത മഴയായിരുന്നു.
റൺവേയിൽ തൊട്ടു, തൊട്ടില്ല എന്ന നിലയിലായപ്പോൾ വിമാനം വീണ്ടും പറന്നുയർന്നു. വിമാനത്തിനു നല്ല കുലുക്കമുണ്ടായിരുന്നു.
സ്വാഭാവികമായും യാത്രക്കാർക്ക് ആശങ്കയുണ്ടായി. പൈലറ്റിന്റെ അനൗൺസ്മെന്റ് ഉണ്ടായിരുന്നുമില്ല.
ഏകദേശം 15 മിനിറ്റിനു ശേഷം വിമാനം വീണ്ടും റൺവേയിലിറക്കാൻ ശ്രമിച്ചു. ആ പ്രാവശ്യവും നിലംതൊടും മുൻപ് പറന്നുയർന്നു.
പിന്നാലെ, രണ്ടുവട്ടം ലാൻഡിങ്ങിനു ശ്രമിച്ചെങ്കിലും കഴിയാതിരുന്നതിനാൽ വിമാനം അമൃത്സറിലേക്കു തിരിച്ചുവിടുകയാണെന്ന് പൈലറ്റിന്റെ അറിയിപ്പു വന്നു. മൂന്നരയോടെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങി.
ഇന്ധനം നിറച്ച്, കാലാവസ്ഥ അനുകൂലമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് തിരിച്ചു ഡൽഹിയിലേക്കു പറന്നത്. രാത്രി എഴരയോടെ ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ആശങ്കയുടെ എട്ടു മണിക്കൂറുകൾക്കു ശേഷം വിമാനത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ വലിയ ആശ്വാസമായി. പല യാത്രക്കാരും ദൈവത്തിനു നന്ദി പറയുന്നുണ്ടായിരുന്നു.’’
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]