

First Published Jun 18, 2024, 7:55 AM IST
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് 2024ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിക്കോളാസ് പുരാന് വെടിക്കെട്ടില്‍ അഫ്ഗാനിസ്ഥാനെതിരെ റണ്‍മല കെട്ടി വെസ്റ്റ് ഇന്‍ഡീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 218 റണ്‍സെടുത്തു. 53 പന്തില്‍ ആറ് ഫോറും എട്ട് സിക്സറും സഹിതം 98 റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് ടോപ് സ്കോറര്‍. സെഞ്ചുറിക്കായുള്ള ഓട്ടത്തിനിടെ ഇന്നിംഗ്സിലെ അവസാന ഓവറിലെ നാലാം പന്തില്‍ പുരാന് ബൗണ്ടറിയില്‍ നിന്നുള്ള അസ്മത്തുള്ളയുടെ നേരിട്ടുള്ള ത്രോയില്‍ അത്ഭുതകരമായി റണ്ണൗട്ടായി.
ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗിനെ 6 പന്തില്‍ 7 റണ്‍സെടുത്ത് നില്‍ക്കേ വിന്‍ഡീസിന് ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ നഷ്ടമായപ്പോള്‍ ജോണ്സണ് ചാള്‍സും നിക്കോളാസ് പുരാനും ചേര്‍ന്ന രണ്ടാം വിക്കറ്റിലെ 80 റണ്‍സ് കൂട്ടുകെട്ട് എട്ട് ഓവറില്‍ ടീമിനെ 102ലെത്തിച്ചിരുന്നു. ചാള്‍സ് 27 ബോളില്‍ എട്ട് ബൗണ്ടറികളോടെ 43 റണ്‍സ് നേടി. നാലാമനായി ക്രീസിലെത്തിയ ഷായ് ഹോപ് 17 പന്തില്‍ 25 ഉം, ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ 15 പന്തില്‍ 26 ഉം റണ്‍സ് നേടിയപ്പോള്‍ ആന്ദ്രേ റസല്‍ മൂന്ന് പന്തില്‍ 3* ഉം, ഷെര്‍ഫേന്‍ റൂത്തര്‍ഫോഡ് ഒരു പന്തില്‍ 1* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ഇതിനിടെയായിരുന്നു ഇന്നിംഗ്സിലെ അവസാന ഓവറിലെ നാലാം പന്തില്‍ പുരാന്റെ പുറത്താകല്‍. നവീന്‍ ഉള് ഹഖിനെതിരെ രണ്ട് റണ്‍ ഓടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അസ്മത്തുള്ള ബൗണ്ടറിലൈനില്‍ നിന്നുള്ള നേരിട്ടുള്ള ത്രോയില്‍ പുരാന് പുറത്താക്കുകയായിരുന്നു.
പ്ലേയിംഗ് ഇലവനുകള്‍
വെസ്റ്റ് ഇന്‍ഡീസ്: ബ്രാണ്ടന്‍ കിംഗ്, ജോണ്സണ് ചാള്‍സ്, നിക്കോളാസ് പുരാന് (വിക്കറ്റ് കീപ്പര്‍), ഷായ് ഹോപ്, റോവ്മാന്‍ പവല്‍ (ക്യാപ്റ്റന്‍), ഷെര്‍ഫേന്‍ റൂത്തര്‍ഫോഡ്, ആന്ദ്രേ റസല്‍, അക്കീല്‍ ഹൊസീന്, അല്‍സാരി ജോസഫ്, ഗുഡകേഷ് മോട്ടീ, ഒബെഡ് മക്കോയ്.
അഫ്ഗാനിസ്ഥാന്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്, ഗുല്‍ബാദിന്‍ നൈബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്, കരീം ജനാത്, റാഷിദ് ഖാന് (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, നവീന്‍ ഉള് ഹഖ്, ഫസല്‍ഹഖ് ഫറൂഖി.
Last Updated Jun 18, 2024, 8:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]