
വേടന്റെ പരിപാടിയിൽ തിക്കിത്തിരക്കി ആരാധകർ; 15 പേർക്ക് പരുക്ക്, പൊലീസ് ലാത്തിവീശി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കോട്ടമൈതാനത്ത് റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് പതിനഞ്ചോളം പേർക്ക് പരുക്ക്. പട്ടിക ജാതി-വർഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്നു സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ ലാത്തി വീശി. പരിപാടിക്കിടെ നാലു തവണയാണ് പൊലീസ് ലാത്തി വീശിയത്.
ആറു മണിക്ക് തുടങ്ങേണ്ട പരിപാടി ആരംഭിച്ചത് എട്ടോടെയാണ്. എട്ടു മണിക്ക് വേദിയിലെത്തി ആദ്യ പാട്ട് പാടി തുടങ്ങിയപ്പോൾ തന്നെ കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരക്കിൽ ഞെരുങ്ങി ഒട്ടേറെ പേർക്ക് നിസാരമായ പരുക്കേറ്റു. ചിലർക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി. ആദ്യ പാട്ട് കഴിഞ്ഞതും പരിപാടി കുറച്ച് നേരത്തേക്ക് നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. എഎസ്പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഗർഭിണികളെയും പ്രായമായവരെയും കുട്ടികളെയും സ്ഥലത്തു നിന്നു മാറ്റിയ ശേഷമാണു വീണ്ടും പരിപാടി ആരംഭിച്ചത്.
രണ്ടായിരത്തിലധികം പേർ പരിപാടി കാണാൻ എത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞിരുന്നില്ല. തിരക്കും ക്രമസമാധാന പ്രശ്നങ്ങളും നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ മൂന്നു പാട്ട് മാത്രം പാടിയ ശേഷം ഒൻപത് മണിയോടെ വേടൻ വേദി വിട്ടു. പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.