
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം; ആളുകളെ ഒഴിപ്പിച്ചു, നഗരത്തിൽ ഗതാഗത നിയന്ത്രണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഉണ്ടായിട്ട് മൂന്ന് മണിക്കൂറിലേക്ക് അടുക്കുകയാണ്. സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്പി ടി.നാരായണൻ പറഞ്ഞു. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്.
അവധിക്കാലമായതിനാൽ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം. 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം തീർന്ന അഗ്നിരക്ഷാ യൂണിറ്റുകൾ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കലക്ടർ സ്ഥലത്തെത്തി. സമീപ ജില്ലകളിൽ നിന്നും അഗ്നിരക്ഷാ യൂണിറ്റുകൾ എത്തുന്നുണ്ട്. താഴെയുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്.
ബസ് സ്റ്റാൻഡിലെ ബസുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. പ്രദേശത്താകെ പുക പടർന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ബസ്സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സമീപത്തെ മുഴുവൻ കടകളിലുമുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.