
ചെന്നൈ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണി രത്നം- കമല്‍ ഹാസന് ചിത്രം തഗ് ലൈഫിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് കഴിഞ്ഞ ദിവസമാണ് പുറത്ത് എത്തിയത്. നായകന് ശേഷം 37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്.
സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ നടി അഭിരാമിയെ കമല്‍ ലിപ്പ് കിസ് ചെയ്യുന്ന രംഗത്തിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
70 വയസുകാരനായ കമല്ഹാസന് 30 വയസോളം ചെറുപ്പമുള്ള അഭിരാമിയെ ചുംബിക്കുന്നതാണ് പലരും പ്രശ്നമായി ഉന്നയിക്കുന്നത്. ഒപ്പം പലരും കരുതിയത് പോലെ ചിത്രത്തില്‍ സിലമ്പരശന്റെ ജോഡിയല്ല തൃഷ എന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. രണ്ട് നായികമാരാണോ കമലിന് എന്ന ചോദ്യമാണ് ഉയരുന്നത്.
തന്റെ ചിത്രങ്ങളിലെ ചുംബന രംഗങ്ങളാല്‍ മുന്‍പും വിവാദത്തിലായിട്ടുള്ള കമല്‍ ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യുമ്പോള്‍ ഈ രംഗം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്. കമലിനെപ്പോലെയുള്ള മുതിര്‍ന്ന നടന്മാർ ഇത്തരം സീനുകൾ ഒഴിവാക്കണമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.
എന്നാല്‍ കമലിനെ അനുകൂലിച്ചും ആരാധകര്‍ എത്തുന്നുണ്ട്. സിനിമയിലെ കഥാപാത്രത്തിന് വയസ്സ് പ്രശ്നമല്ലെന്നും, കഥാപാത്രത്തിന് ആവശ്യമുള്ളത് നടൻ നൽകേണ്ടതുമാണെന്നും കമലിന്റെ പിന്തുണക്കാർ വാദിക്കുന്നു. “കമൽ എപ്പോഴും പരീക്ഷണാത്മകമായ വേഷങ്ങൾക്കായി എന്ത് അതിരും വയ്ക്കാറില്ല. ഈ സീനും കഥയുടെ ഭാഗമാണ്” എന്നാണ് ചിലര്‍ പറയുന്നത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫ് നിർമ്മാണം.
രാജ് കമൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ അമരന്റെ വിജയകരമായ കേരളാ വിതരണ പങ്കാളിത്തത്തിനു ശേഷം ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യൂഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്.
തഗ് ലൈഫിന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും മെയ് 21 ന് കൊച്ചിയിലും മെയ് 28 ന് തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളിലും പങ്കെടുക്കും. എ ആർ റഹ്മാന് ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് സായിറാം കോളേജ്, ചെന്നൈയിൽ മെയ് 24 ന് നടക്കും. തഗ്ലൈഫ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജൂൺ 5 ന് റിലീസാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]