
‘ദുരിതബാധിതരുടെ പട്ടികയിൽപ്പെടാത്ത ആർക്കും ലീഗ് വീട് നൽകില്ല; പദ്ധതി സർക്കാരുമായി സഹകരിച്ച്, മറ്റ് നൂലാമാലകളില്ല’
മലപ്പുറം∙ സർക്കാർ തയാറാക്കിയ വയനാട് ഉരുൾപ്പൊട്ടൽ ബാധിതരുടെ പട്ടികയിൽപ്പെടാത്ത ഒരാൾക്കും മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലൂടെ വീട് നൽകില്ലെന്ന് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. പട്ടികയ്ക്കു പുറത്ത് ഒരാൾക്കും വീട് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ലീഗ് വീട് നൽകുന്നവരുടെ പട്ടിക പുറത്തിറക്കാൻ തയാറാണെന്നും അദ്ദേഹം മനോരമയോട് പറഞ്ഞു.
ദുരന്ത ബാധിതർക്ക് തന്നെയാണോ ലീഗ് വീട് വച്ചു നൽകുന്നതെന്നറിയില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനു മറുപടി നൽകുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
‘‘സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നത്.
ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടായില്ല. സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്.
പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി.
ഈ തുക വച്ച് എന്ത് കാത്തിരിക്കുകയാണെന്ന് പാർട്ടിയിൽ തന്നെ സമ്മർദം വന്നു. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്.
സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായി മുന്നോട്ടു പോകും. സർക്കാരുമായി സഹകരിച്ചു തന്നെയാണ് പോകാനുദ്ദേശിക്കുന്നത്.
തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.’’ – അദ്ദേഹം പറഞ്ഞു.
‘‘സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി.
സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്.
ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും’’ – അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]