
കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരൻ. ഇഡി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും ഇടനിലക്കാരൻ വിൽസണ്‍ ആണ് തന്റെ നമ്പര്‍ ഇഡിക്ക് നൽകിയതെന്നും പരാതിക്കാരനായ അനീഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇഡിക്ക് തന്റെ നമ്പര്‍ നൽകിയിരുന്നില്ല. ഇഡി ഉന്നത ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണമാണ് അനീഷ് ഉന്നയിച്ചത്.
കൂടുതൽ ഇഡി ഉദ്യോഗസ്ഥരുടെ പേരും പരാതിക്കാരനായ അനീഷ് തുറന്നുപറഞ്ഞു. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന് സംഭവത്തിൽ പങ്കുണ്ടെന്നും അനീഷ് ബാബു ആരോപിച്ചു. എട്ടു വര്‍ഷം മുമ്പുള്ള വിവരമാണ് ആവശ്യപ്പെട്ടത്. ഇത് ലഭ്യമാക്കാൻ കാലതാമസമുണ്ടായിരുന്നു. തുടക്കം മുതൽ ഇഡി ഉദ്യോഗസ്ഥൻ സമ്മര്‍ദത്തിലാക്കി. വിൽസണ്‍ എന്ന ആളാണ് ഇടപാട് നടത്തിയത്.
രേഖകള്‍ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യമെന്നാണ് ഭീഷണിപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പിഎംഎൽഎ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നൽകിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും കൊല്ലത്തെ വ്യവസായി അനീഷ് ബാബു പറഞ്ഞു. രാധാകൃഷ്ണൻ എന്നയാള്‍ മാനസികമായി പീഡിപ്പിച്ചു.
ഭീഷണി തുടരുന്നതിനിടെയാണ് ഇടനിലക്കാരന് കൈക്കൂലി കൈമാറിയത്. ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം കൈമാറിയത്. രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥൻ ഹരാസ് ചെയ്തു. അടച്ചിട്ട മുറിയിൽ കേസിന്റെ കാര്യം പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു. ഇടനിലക്കാരനെ ഇഡി ഓഫീസിൽ കണ്ടു. അറസ്റ്റിലായ ഇടനിലക്കാരനായ മുകേഷിനെയാണ് കണ്ടത്. പരാതിക്കാരനായ അനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസമാണ് മുകേഷ് ഇഡി ഓഫിസിൽ വന്നത്.
ഇതിനിടെ, ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള നീക്കത്തിലാണ് വിജിലൻസ്. ശേഖർ കുമാർ കൈക്കൂലി വാങ്ങിയത് ഉന്നത ഉദ്യോഗസ്ഥരിൽ ചിലർക്കും അറിയാമായിരുന്നെന്നാണ് സംശയം. ശേഖറിനെ ഉടൻ നോട്ടീസ് നൽകി വിളിച്ചു വരുത്തും. സ്വർണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരടക്കമുള്ളവരും വിജിലന്‍സ് നിരീക്ഷണത്തിലാണ്. സ്വർണക്കടത്ത് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് രാധാകൃഷ്ണൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]