

ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തു ; എട്ടാം കുറ്റപത്രത്തിലാണ് കെജരിവാളിനൊപ്പം എഎപിയെയും പ്രതി ചേര്‍ത്തത്
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തു. ഇഡി സുപ്രീംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കേസില്‍ എഎപിയെയും പ്രതി ചേര്‍ത്തതായി അറിയിച്ചത്. ഇന്നു സമര്‍പ്പിച്ച എട്ടാം കുറ്റപത്രത്തിലാണ് കെജരിവാളിനൊപ്പം എഎപിയെയും പ്രതി ചേര്‍ത്തത്.
മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് എഎപിയെയും കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചിരുന്നു.
മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാള്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള കോടതി വിധി പറയാനായി മാറ്റി.
2021-22 ലെ ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്നാരോപിച്ചുള്ളതാണ് മദ്യനയ കേസ്. പിന്നീട് വിവാദമായതോടെ മദ്യനയം റദ്ദാക്കുകയായിരുന്നു. എക്സൈസ് നയം പരിഷ്ക്കരിക്കുമ്പോള്‍ ക്രമക്കേടുകള്‍ നടന്നതായും ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയതായും കേസ് അന്വേഷിക്കുന്ന സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]